Site iconSite icon Janayugom Online

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് തൃണമൂല്‍ ചെലവഴിച്ചത് 47 കോടി; ബിജെപി ചെലവാക്കിയത് 17.75കോടി

ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ചെലവിട്ട തുകയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍. തുടക്കം മുതല്‍ പ്രചരണം ആരംഭിച്ച മമതയുടെ തൃണമൂല്‍ 47.54 കോടി രൂപയാണ് തെരഞ്ഞെടുപ്പിന് ചെലവഴിച്ചത്. അതേസമയം അധികാരത്തില്‍ തുടര്‍ന്ന ബിജെപി 17.75 കോടി രൂപയാണ് ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരവിന്ദ് കെജ്രിവാവാളിന്റെ ആംആദ്മി പാര്‍ട്ടി ഗോവയില്‍ മൂന്നരക്കോടി രൂപ ചെലവഴിച്ചെങ്കിലും ഫലത്തില്‍ 2017 നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവര്‍ക്ക് ഒരു സീറ്റ് നഷ്ടപ്പെടുകയാണുണ്ടായത്. ബി. ജെ. പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഗോവ തെരഞ്ഞെടുപ്പിന് ഏകദേശം 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിന് പുറമേ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച 11 സ്ഥാനാര്‍ഥികള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കിയിരുന്നു. 10 സ്ഥാനാര്‍ഥികളെ ഇത്തവണ മത്സരരംഗത്തിറക്കിയ ശിവസേന 92 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചത്.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 സ്ഥാനാര്‍ഥികളെ തൃണമൂല്‍ നിര്‍ത്തിയെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. അതേസമയം സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി 13 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ രണ്ട് പേര്‍ വിജയിച്ചിരുന്നു. 40 അംഗ നിയമസഭയില്‍ 20 സീറ്റുകള്‍ നേടിയ ബിജെപി രണ്ട് എംജിപി എംഎല്‍. എമാരുടെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
തൃണമൂല്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവരുള്‍പ്പടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ഈ മാസം കൂറുമാറിയിരുന്നു. 

Eng­lish Sum­ma­ry: Tri­namool spent 47 crores in Goa assem­bly elections

You may like this video also

Exit mobile version