Site iconSite icon Janayugom Online

ത്രിപുര മുഖ്യമന്ത്രി രാജിവച്ചു: മാണിക് സാഹ അടുത്ത മുഖ്യമന്ത്രിയാകും

BiplabBiplab

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പുറത്ത്. ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ ബിപ്ലവിനെതിരെ പാര്‍ട്ടിയില്‍ കുറെക്കാലമായി കലാപം നടക്കുകയായിരുന്നു. രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മാണിക് സാഹ അടുത്ത മുഖ്യമന്ത്രിയാകും.
അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്ലവിന്റെ രാജി. ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയ്ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. 2018‑ലാണ് 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്.
അതേസമയം രാജി ബിപ്ലബ് ദേവ് ക്യാമ്പിന് അപ്രതീക്ഷിതമായിരുന്നു. വെള്ളിയാഴ്ച ഡൽഹിയിലുണ്ടായിരുന്ന ദേബ് ഇന്നലെ രാവിലെ അഗർത്തലയിൽ തിരിച്ചെത്തിയിരുന്നു. എന്താണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും ഏറെ നേതാക്കള്‍ കൊഴിഞ്ഞുപോയിരുന്നു. ഇതാണ് ബിപ്ലവിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിക്കാനിടയാക്കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലെത്തിച്ച ത്രിപുരയിലെ ഗോത്രവിഭാഗങ്ങളും ഇത്തവണ കൈവിടുന്നതായാണ് സൂചനകള്‍. ഭരണത്തില്‍ പങ്കാളിയായ ഐപിഎഫ്ടിയിലെ വിഭാഗീയതയും ഭരണം നിലനിര്‍ത്തുന്നതില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്. മന്ത്രിമാരായ നരേന്ദ്ര ചന്ദ്ര ദേബര്‍മ്മയും മേവാര്‍ കുമാര്‍ ജാമാതിയയും തമ്മിലുള്ള അധികാരത്തര്‍ക്കം ഐപിഎഫ്ടിയില്‍ തുടരുകയാണ്. ഇതോടെ മുഖം മാറ്റിയുള്ള പരീക്ഷണത്തിന് ബിജെപി തയ്യാറെടുത്തിരിക്കുന്നത്.
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയും പങ്കെടുത്ത യോഗത്തിലാണ് മണിക് സാഹയെ അടുത്ത മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഉപമുഖ്യമന്ത്രിയും ത്രിപുര രാജകുടുംബാംഗവുമായ ജിഷ്ണുദേവ് വര്‍മയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Tripu­ra Chief Min­is­ter resigns

You may like this video also

Exit mobile version