Site iconSite icon Janayugom Online

തൃശൂരില്‍ ബിജെപിക്ക് പോയത് യുഡിഎഫ് വോട്ടുകളെന്ന് തിരുവഞ്ചൂര്‍; വീണ്ടും താളംതെറ്റി പ്രതിപക്ഷം

thirvanchoorthirvanchoor

മാധ്യമങ്ങളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളിലൂടെ സര്‍ക്കാരിന്റെ മുകളില്‍ കൊട്ടിക്കയറാമെന്ന് കരുതിയെത്തിയ പ്രതിപക്ഷത്തിന് നിയമസഭയില്‍ വീണ്ടും താളം പിഴച്ചു. തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലെ, കോണ്‍ഗ്രസ് നേതാക്കള്‍ മാറിമാറി വ്യത്യസ്ത നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയതോടെ മറ്റ് പ്രതിപക്ഷാംഗങ്ങളും ആശയക്കുഴപ്പത്തിലായി. ഇടതുപക്ഷ മുന്നണിക്കുവേണ്ടി സംസാരിച്ചവരെല്ലാം പകല്‍പ്പൂരത്തിന്റെ തെളിമയോടെ കാര്യങ്ങള്‍ വിശദീകരിച്ചതോടെ, കലങ്ങിയ മനസുമായി കളം വിടേണ്ടിവന്നു പ്രതിപക്ഷത്തിന്. 

തൃശൂര്‍ പൂരം കലക്കാന്‍ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടും തൃപ്തിയാകാതെ, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച്, ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ആദ്യദിവസം ഒളിച്ചോടിയതിന്റെ തട്ടുകേട് തീര്‍ക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞുവീഴുന്നത് കണ്ടുനില്‍ക്കാനായിരുന്നു പിന്നീടുള്ള രണ്ട് ദിവസങ്ങളിലും പ്രതിപക്ഷത്തിന്റെ വിധി. 

ഉപക്ഷേപം അവതരിപ്പിച്ച് സംസാരിച്ച് തുടങ്ങിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്നെ ആദ്യം പിഴച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതില്‍ ഭൂരിഭാഗവും യുഡിഎഫ് വോട്ടര്‍മാരാണെന്ന് തിരുവഞ്ചൂര്‍ തുറന്നുസമ്മതിച്ചത് വലിയ തിരിച്ചടിയായി. യുഡിഎഫ് വോട്ട് കുറഞ്ഞത് സ്വാഭാവികമാണെന്നും പൂരം കലങ്ങിയതില്‍ വിഷമമുള്ള വോട്ടര്‍മാര്‍ ഹീറോ ആയി എത്തിയ എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തുവെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ വിശദീകരണം.
തുടര്‍ന്ന് സംസാരിച്ച ഇടതുപക്ഷാംഗങ്ങള്‍ ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചതോടെ, പ്രതിപക്ഷ നേതാവ് മറ്റൊരു വാദവുമായെത്തി. യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ കുറേ പോയിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും പോയത് എല്‍ഡിഎഫിനാണെന്നുമായിരുന്നു വി ഡി സതീശന്റെ വാദം. യുഡിഎഫിനെക്കാള്‍ കുറച്ചുകൂടി വിജയസാധ്യത സുനില്‍കുമാറിനാണെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. തൃശൂരില്‍ തന്നെ തോല്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസിനകത്തുതന്നെ നടന്നുവെന്ന കെ മുരളീധരന്റെ പരാതിക്ക് അടിവരയിടുന്നതായി സതീശന്റെ വാദങ്ങള്‍. 

കോണ്‍ഗ്രസിനകത്തെ പുലിക്കളിയാണ് അവരുടെ തന്നെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് ഇടതുപക്ഷാംഗങ്ങള്‍ തിരിച്ചടിച്ചു. വി ഡി സതീശന്‍ വിഭാഗം വോട്ട് മറിച്ച് കെ മുരളീധരന്റെ പരാജയം ഉറപ്പാക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ആര്‍എസ്എസുമായി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെ ബന്ധത്തിന്റെ ഉദാഹരണങ്ങള്‍ തുറന്നുകാട്ടി, യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് വെള്ളിത്താലത്തില്‍ സീറ്റ് വച്ചുകൊടുത്തത് യുഡിഎഫ് ആണെന്ന് ഭരണപക്ഷത്തിന് വേണ്ടി സംസാരിച്ചവര്‍ വ്യക്തമാക്കി. തൃശൂരിലെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച കെ സി ജോസഫ് കമ്മിഷന്‍ റിപ്പോര്‍ട്ട് കെപിസിസി പുറത്തുവിടണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മൗനമായിരുന്നു. തൃശൂര്‍ പൂരം കലക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും ഏത് വമ്പനായാലും കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമായതോടെ, മൂന്നാം ദിവസവും നിരാശരായി സഭയില്‍ നിന്ന് തിരിച്ചിറങ്ങുക മാത്രമായിരുന്നു പ്രതിപക്ഷത്തിന് ചെയ്യാനുണ്ടായിരുന്നത്. 

Exit mobile version