ട്രോളിങ് നിരോധനം നാളെ അവസാനിക്കാനിരിക്കെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജൂൺ ഒൻപതിന് തുടങ്ങിയ നിരോധനം നാളെ അർധരാത്രിയിലാണ് അവസാനിക്കുക.
ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്തും വലകൾ നിർമ്മിച്ചും തീരദേശം ഒരുങ്ങിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളും ആവേശത്തിലാണ്. കൊച്ചിയിൽ കുളച്ചലിൽ നിന്നടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികൾ എത്തി തുടങ്ങി. ബോട്ടിന്റെ അറ്റകുറ്റപ്പണികൾ തീർത്തു പുതിയ വലകൾ നെയ്യലും ലോഡിങ് ഉപകരണങ്ങളുടെ പെയിന്റിങ് ജോലികളും തീർത്തുകഴിഞ്ഞു.
പ്ലാസ്റ്റിക് കയറും ഉരുക്കു മണികളും ഘടിപ്പിച്ച വലകളാണ് കൂടുതൽ പ്രചാരം. ട്രോളിങ് കഴിയുമ്പോൾ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കരിക്കാടി ചെമ്മീനിനും കണവയ്ക്കുമായെല്ലാം പ്രത്യേക വലകളും ഒരുക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലഘട്ടത്തിൽ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും നിരോധന കാലയളവിൽ വൻതോതിലുള്ള മത്സ്യക്കൊയ്ത്ത് ഉണ്ടായിരുന്നില്ല. ആലപ്പുഴ ജില്ലയിൽ ചാകര ഉണ്ടായിരുന്നുവെങ്കിലും മറ്റ് പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ഉപകാരപ്പെട്ടിട്ടില്ല.
ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ പോകുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതകാലം വീണ്ടും തുടങ്ങുമെന്ന പേടിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭം മൂലം കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ബോട്ടുള്ളവർ മറ്റു സംസ്ഥാനങ്ങളുടെ തീരത്തടക്കം ചെന്ന് മീൻ പിടിക്കുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികം ദൂരം പോകാൻ കഴിയാറില്ല.
കടലിൽ പോകാൻ പ്രതിദിനം 25,000 രൂപയോടടുത്താണ് സാധാരണ വള്ളങ്ങളുടെ ചെലവ്. നാലുദിവസം പോയി വരുമ്പോഴേക്ക് ഒരുലക്ഷം രൂപയാവും. മീൻ ലഭിക്കാതെ വന്നാല്‍ ആ വള്ളത്തിൽ പോയ കുടുംബങ്ങളെല്ലാം പട്ടിണിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ബോട്ടുടമകളുടെ കാര്യത്തിലും ഇന്ധനച്ചെലവ് വൻ പ്രതിസന്ധിയാണ് ഉയർത്തിയിട്ടുള്ളത്. മീന്‍ കൊയ്ത്ത് കിട്ടിയാലും ഇടനിലക്കാർ ലാഭം കൊയ്യുമ്പോൾ ബോട്ടുടമകൾക്കും തൊഴിലാളികൾക്കും നേട്ടമില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
English Summary: Trolling ban ends tomorrow; Preparations ashore
You may like this video also