Site icon Janayugom Online

ഗാസയില്‍ സൈന്യത്തെ വിന്യസിച്ചു; മരണം 3,900

ഇസ്രയേല്‍— ഹമാസ് പോരാട്ടത്തില്‍ കരയുദ്ധം ആരംഭിക്കാന്‍ തയ്യറെടുത്ത് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി അടിയന്തര സംയുക്ത സർക്കാർ രൂപീകരിക്കും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷകക്ഷി നേതാവ് ബെന്നി ഗാന്റ്സ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരടങ്ങുന്ന ഒരു യുദ്ധ കാബിനറ്റ് രൂപീകരിക്കാനാണ് ധാരണമായത്. ഇതിനിടെ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 3,900 ആയി ഉയര്‍ന്നു. ഹമാസിനെ നിശേഷം തുടച്ച് നീക്കുന്നതിന്റെ ഭാഗമായി ആണ് ഇസ്രയേല്‍ കരയുദ്ധം നടത്താന്‍ പദ്ധതിയിടുന്നത്. 

ഏതുനിമിഷവും കരയുദ്ധം ആരംഭിക്കാന്‍ സജ്ജരായി ഇരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗാസ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് സൈനികരെ ഇതിനകം വിന്യസിച്ച് കഴിഞ്ഞു. കലാള്‍പ്പട, പീരങ്കിസേന എന്നിവയ്ക്ക് പുറമെ 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്ക് സമീപത്തേയ്ക്ക് അയച്ച് കഴിഞ്ഞു. യുദ്ധത്തിന്റെ അവസാനത്തില്‍ ഇസ്രയേലി പൗരന്‍മാരെ കൊല്ലനോ, ഭീഷണിപ്പെടുത്തനോ ശേഷിയുള്ള ഹമാസ് ഉണ്ടാവില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. ഇതിനിടെ ലെബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലെബനനില്‍ നിന്ന് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സൈനിക വിന്യാസം. ലെബനന്‍ വ്യോമമാര്‍ഗത്തിലൂടെ ഇസ്രയേലിലേയ്ക്ക് നുഴഞ്ഞു കയറ്റം നടന്നതായി സംശയിക്കുന്നതായി പ്രതിരോധ വിഭാഗം സൂചിപ്പിച്ചു. ഗാസയ്ക്ക് സമീപമുള്ള ബെയ്ത് ഹാനോനിലെ 80 ഉള്‍പ്പെടെ 450 കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ഗാസയിലെ ഏക വൈദ്യുതി നിലയം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇരുഭാഗത്തുമായി ഇതുവരെ 3,900 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 2,700 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 900 പേര്‍ കൊല്ലപ്പെടുകയും 4,600 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Eng­lish Summary:troops deployed in Gaza; Deaths 3,900

You may also like this video

Exit mobile version