Site iconSite icon Janayugom Online

ട്രക്കുകള്‍ക്ക് തീയിട്ടു, ഹര്‍ത്താല്‍ പൂര്‍ണം; കൂടുതല്‍ സൈന്യം മണിപ്പൂരിലേക്ക്

മാസങ്ങളായി രക്തരൂക്ഷിതമായി തുടരുന്ന മണിപ്പൂര്‍ പുതിയ സംഭവ വികാസങ്ങളെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍. 20 കമ്പനി അധിക കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിച്ചു. പതിനഞ്ച് കമ്പനി സിആര്‍പിഎഫിനെയും അഞ്ച് കമ്പനി ബിഎസ്‌എഫിനെയുമാണ് മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 218 കമ്പനി കേന്ദ്രസേനകളെയാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. 

ലോങ്മയ്, നോനി, തമെങ്‌ലോങ് മേഖലകളിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുമായെത്തിയ രണ്ട് ട്രക്കുകള്‍ക്ക് ഇന്നലെ ജനക്കൂട്ടം തീയിട്ടു. ഇംഫാലിനെയും ജിരിബാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 37ല്‍ വച്ചാണ് ജനക്കൂട്ടം ട്രക്കുകള്‍ തടഞ്ഞ് തീയിട്ടത്.
കഴിഞ്ഞദിവസം ജിരിബാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊല്ലപ്പെട്ടവര്‍ ഗ്രാമീണരായ സന്നദ്ധ പ്രവര്‍ത്തകരാണെന്നും പൊലീസ് അവകാശപ്പെടുന്നത് പോലെ അക്രമികളായിരുന്നില്ലെന്നും കുക്കികളും ഹമാറുകളും അവകാശപ്പെടുന്നു. 11 ഗോത്രവര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് സമ്പൂര്‍ണ അടച്ചിടല്‍ നടത്തിയത്. ഇംഫാല്‍ വാലിയിലെ മുഴുവന്‍ ജില്ലകളിലും വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. 

ജിരിബാം വെടിവയ്പിന് പിന്നാലെ കാണാതായ ആറ് പേര്‍ക്ക് വേണ്ടി തിരച്ചിൽ ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ആരംഭിച്ച മേയ്തി-കുക്കി വംശീയ കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളൊന്നുമുണ്ടാകുന്നില്ലെന്ന ആരോപണങ്ങള്‍ ശക്തമാണ്. കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി തയാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 

Trucks set on fire, har­tal com­plete; More troops to Manipur

Exit mobile version