Site iconSite icon Janayugom Online

വിദേശ ധനസഹായം നിര്‍ത്തിവച്ച് ട്രംപ്; അടിയന്തര ഭക്ഷണ വിതരണ പദ്ധതി മുടങ്ങും

വിദേശരാജ്യങ്ങള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവ്. ഈജിപ്തിനും ഇസ്രയേലിനുമുള്ള പ്രതിരോധ സഹായം ഒഴികെയുള്ള ധനസഹായങ്ങളാണ് 90 ദിവസത്തേക്ക് നിര്‍ത്തലാക്കിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എംബസികള്‍ക്കയച്ച മെമ്മോയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ആരോഗ്യം, വിദ്യാഭ്യാസം, വികസനം, തൊഴിൽ പരിശീലനം, അഴിമതി വിരുദ്ധത, സുരക്ഷാ സഹായം എന്നിവയെ പിന്തുണയ്ക്കുന്നതിനായി ലോകമെമ്പാടും യുഎസ് ഫണ്ട് നല്‍കുന്ന കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികള്‍ നിലയ്ക്കും. പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ നിലവില്‍ നല്‍കിവരുന്ന ഫണ്ടുകള്‍ നല്‍കുകയോ പുതിയവ അനുവദിക്കുകയോ ചെയ്യില്ലെന്ന് മെമ്മോയില്‍ പറയുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ധനസഹായങ്ങളുടെയും വിപുലമായ അവലോകനം 85 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഹായം നല്‍കുന്ന രാജ്യമാണ് യുഎസ്. 2023ല്‍ 60 ബില്യണ്‍ ഡോളറാണ് ധനസഹായ ഇനത്തില്‍ ബജറ്റില്‍ വകയിരുത്തിയത്.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാന്‍ ഉള്‍പ്പെടെ രാജ്യങ്ങളിലെ അടിയന്തര ഭക്ഷണ വിതരണത്തിനുള്ള ധനസഹായവും നിര്‍ത്തലാക്കും. ക്ലിനിക്കുകൾ, പ്രതിരോധ കുത്തിവയ്പ് പരിപാടികൾ എന്നിവ പോലുള്ള ജീവൻ രക്ഷാ ആരോഗ്യ പരിപാടികൾക്കും ഇളവില്ല. എച്ച്ഐവി വിരുദ്ധ പരിപാടിയായ എയ്‌ഡ്‌സ് റിലീഫിനായുള്ള പ്രസിഡന്റിന്റെ എമർജൻസി റിലീഫ് പ്ലാനും ഇതില്‍ ഉള്‍പ്പെടുന്നു. റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ആരംഭിച്ച പദ്ധതി 55 ലക്ഷം കുട്ടികൾ ഉൾപ്പെടെ രണ്ടര കോടി പേര്‍ക്ക് ആരോഗ്യ പരിരക്ഷാ പിന്തുണ നല്‍കി. വിദേശ വികസന സഹായം താൽക്കാലികമായി നിർത്തിവച്ചുകൊണ്ട്, പ്രതിസന്ധിയിലായ സമൂഹങ്ങളുടെ ജീവിതത്തിനും ഭാവിക്കും ട്രംപ് ഭരണകൂടം ഭീഷണി സൃഷ്ടിക്കുകയാണെന്ന് ഓ­ക്സ്ഫാം അമേരിക്കയുടെ തലവൻ എബി മാക്സ്മാൻ പറഞ്ഞു.

രാഷ്ട്രീയം പരിഗണിക്കാതെ, ആവശ്യത്തെ അടിസ്ഥാനമാക്കി ജനങ്ങളെ പിന്തുണയ്ക്കുന്ന യുഎസിന്റെ ദീർഘകാല ഉഭയകക്ഷി സമീപനം ട്രംപ് ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയെങ്കിലും ഉക്രെയ‍്നുള്ള ധനസഹായം നിര്‍ത്തിവച്ചു. ഉക്രെയ്‌നിലേക്കുള്ള ആയുധ കയറ്റുമതിക്കായി ബെെഡന്‍ നിര്‍ദേശിച്ച 3.85 ബില്യൺ ഡോളർ കോൺഗ്രസ് അംഗീകൃത ധനസഹായം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് ചെലവഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ട്രംപാണ്. ഇസ്രയേലിന് പ്രതിവർഷം 3.3 ബില്യൺ ഡോളർ വിദേശ സൈനിക ധനസഹായം ലഭിക്കുമ്പോൾ ഈജിപ്തിന് 1.3 ബില്യൺ ഡോളറാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയില്‍ നിന്ന പുറത്ത് പോകും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. കോവിഡിനെ ലോകാരോഗ്യ സംഘടന തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തത്, ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുന്നതില്‍ സംഘടന പരാജയപ്പെട്ടു, യുഎസില്‍ നിന്ന് വലിയ തുക വാങ്ങുന്നു. എന്നാല്‍ ചൈന വളരെ കുറച്ച് പണം മാത്രമാണ് നല്‍കുന്നത് എന്നീ കാരണങ്ങളാണ് ഡബ്ല്യുഎച്ച്ഒയില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ട്രംപ് പറഞ്ഞത്. സംഘടനയുടെ ഏറ്റവും വലിയ ഫണ്ട് ദാതാവായിരുന്നു യുഎസ്.

ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പാസ‍്പോര്‍ട്ട് അപേക്ഷയ്ക്ക് വിലക്ക്

ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള പാസ‍്പോര്‍ട്ട് അപേക്ഷയ്ക്കും ട്രംപ് സര്‍ക്കാരിന്റെ വിലക്ക്. നിലവിലുള്ള പാസ്‌പോർട്ടുകളിൽ ലിംഗഭേദം മാറ്റാനുള്ള അ­പേക്ഷകൾ മരവിപ്പിക്കാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിറക്കി. ഒരു വ്യക്തിയുടെ ലിംഗഭേദം മാറ്റാവുന്നതല്ല എന്നതാണ് യുഎസിന്റെ നയമെന്ന് മെമ്മോയില്‍ പറയുന്നു.
പാസ്‍പോര്‍ട്ടില്‍ ഉടമയുടെ ലിംഗഭേദം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കി. പാസ്‌പോർട്ടുകളും വിദേശത്തുള്ള ജനനത്തിന്റെ കോൺസുലാർ റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളിൽ ലിംഗഭേദത്തിനു പകരം ലൈംഗികത എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് സ്റ്റേറ്റ് സെക്രട്ടറിയുടെ നിർദേശത്തില്‍ പറയുന്നു.

Exit mobile version