ഇറാനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താൻ കൊല്ലപ്പെട്ടാൽ, അതിന് ഇറാനാണ് ഉത്തരവാദികളെന്ന് കണ്ടെത്തിയാൽ, അവരെ പൂർണമായി നശിപ്പിക്കണമെന്ന് ഉപദേഷ്ടാക്കള്‍ക്ക് നിർദേശം നൽകിയതായി ട്രംപ് വെളിപ്പെടുത്തി. ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനിടയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ. എന്തും സംഭവിക്കാമെന്ന കാര്യത്തില്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇറാന്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയത്തുള്ള അലി ഖമേനിക്കെതിരെ അമേരിക്ക എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് കഴിഞ്ഞദിവസം ഇറാന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. ഖമനേയിക്കു നേരെ ആക്രമണത്തിന്റെ കൈ നീട്ടിയാൽ, ആ കെെ വെട്ടുമെന്ന് ട്രംപിന് അറിയാം എന്നായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ സായുധ സേനയുടെ വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി മുന്നറിയിപ്പ് നല്‍കിയത്. ഖമനേയിയെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയമായെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇത്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും കടുത്ത ഭീഷണിയാണ് ട്രംപിനെതിരെ ഉയര്‍ത്തിയത്. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ കെെവശമുള്ളതെല്ലാം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അരഗ്ചി വ്യക്തമാക്കി. 2025 ജൂണിൽ നടന്ന ആക്രമണത്തില്‍ കാട്ടിയ സംയമനം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭീഷണികളും വാഗ്വാദം തുടരുന്നതിനിടെ, പശ്ചിമേഷ്യയിൽ യുഎസ് സെെനിക വിന്യാസം ത്വരിതപ്പെടുത്തുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പാട്രിയറ്റ്, താഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പല്‍ ഇതിനകം തന്നെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇറാനില്‍ ഡിസംബര്‍ 28ന് ആരംഭിച്ച പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് യുഎസ് ആരോപണമുന്നയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്പ് നടത്തുകയോ അറസ്റ്റിലായവര്‍ക്ക് വധശിക്ഷ വിധിക്കുകയോ ചെയ്താല്‍ യുഎസ് സെെനികമായി ഇടപെടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സെെനിക നടപടിയെന്ന ട്രംപിന്റെ നിലപാടിനെതിരെ യുഎസില്‍ നിന്നും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ടു. മേഖലയിലെ ഏറ്റവുമടുത്ത സഖ്യകക്ഷിയായ ഇസ്രയേലും ഇറാനിലെ സെെനിക നടപടിയില്‍ താല്പര്യം കാട്ടിയില്ല. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നും ഇറാന്‍ ആരോപിച്ചു.
സമ്മര്‍ദം വര്‍ധിച്ചതോടെ ഇറാൻ വധശിക്ഷകൾ നിർത്തിവച്ചുവെന്ന് അറിയിച്ചതായും അതുകൊണ്ട് ആക്രമണം നടത്തുന്ന കാര്യം പുനഃപരിശോധിക്കുമെന്നും പറഞ്ഞ് ട്രംപ് നിലപാട് മാറ്റി. പിന്നീട് ഖമനേയിയെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളായിരുന്നു ട്രംപ് നടത്തിയത്. ഖമനേയി രാജ്യം ശരിയായി ഭരിക്കണമെന്നും ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തണമെന്നും പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പരിഹസിച്ചിരുന്നു.

