Site iconSite icon Janayugom Online

പ്ലാസ്റ്റിക് ഉപയോഗം വ്യാപകമാക്കാനൊരുങ്ങി ട്രംപ്

അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പിലാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് സ്‌ട്രോകള്‍ വ്യാപകമാക്കാനാണ്‌ പ്രസിഡന്റിന്റെ തീരുമാനം. പേപ്പര്‍ സ്‌ട്രോകള്‍ പ്രോത്സാഹിപ്പിക്കുന്ന ബൈ­ഡന്‍ ഭരണകൂടത്തിന്റെ തീരുമാനം റദ്ദാക്കി അടുത്ത ആഴ്ച പുതിയ എക്‌സിക്യുട്ടീവ് ഉത്തരവിറക്കുമെന്നും ട്രംപ് പ്ര­ഖ്യാപിച്ചു. ഭക്ഷണ വ്യാപാര മേഖലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌ട്രോകള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഉപേക്ഷിക്കണമെന്ന മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നയം മണ്ടത്തരമാണെന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പുതിയ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്.

പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്നത് 2020 മുതലുള്ള ട്രംപിന്റെ പ്രഖ്യാപിത നയമാണ്. 2020ല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് സ്‌ട്രോകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. രണ്ടാം തവണ അധികാരത്തിലെത്തിയതോടെ ട്രംപ് കൈ­കൊണ്ട ആദ്യ നിലപാടുകളിലൊന്ന് ആഗോള താപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റമായിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version