Site iconSite icon Janayugom Online

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി ചുരുക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി ചുരുക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റ് സെലന്‍സ്കിയുമായി വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അവകാശവാദം ആവര്‍ത്തിച്ചത്.റഷ്യൻ എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കാമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി തനിക്ക്‌ ഉറപ്പുനൽകിയിട്ടുണ്ടെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്‌ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. ഇത്‌ തള്ളികളയാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടുമില്ല.

ട്രംപിന്റെ അവകാശവാദത്തോട്‌ മോഡി പ്രതികരിച്ചിട്ടുമില്ല. ഇതിന് പിന്നാലെയാണ് ട്രംപ് വീണ്ടും പ്രസ്താവന ആവർത്തിക്കുന്നത്.പൊതുമേഖലാ എണ്ണകമ്പനികൾ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത്‌ ഇതിനോടകം തന്നെ 45 ശതമാനം കുറച്ചിട്ടുണ്ട്‌. വരുംമാസങ്ങളിൽ പൊതുമേഖലാ എണ്ണകമ്പനികൾ റഷ്യൻ എണ്ണ കൂടുതലായി കുറയ്‌ക്കും. പകരം അമേരിക്കയിൽനിന്നുള്ള ക്രൂഡോയിൽ കൂടുതലായി ഇറക്കുമതിചെയ്യും. അതുവഴി ഇന്ത്യയുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാരകമ്മിയിൽ കുറവ്‌ വരുത്താനാണ്‌ ശ്രമം.

ഇന്ത്യയുമായുള്ള വ്യാപാരത്തിൽ നിലവിൽ 37000 കോടി രൂപയുടെ വ്യാപാരകമ്മി അമേരിക്കയ്‌ക്കുണ്ട്‌. യുഎസിൽ നിന്ന്‌ കൂടുതലായി ക്രൂഡോയിലും പ്രതിരോധ ഉപകരണങ്ങളും ആണവറിയാക്ടറുകളും മറ്റും വാങ്ങികൊണ്ട്‌ കമ്മി കുറച്ച് ട്രംപ്‌ ഭരണകൂടത്തെ പ്രീതിപ്പെടുത്തുകയാണ്‌ മോദി സർക്കാരിന്റെ ലക്ഷ്യം. 

Exit mobile version