Site iconSite icon Janayugom Online

എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവിടാനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് നിർദേശിക്കുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്റ്റ് എന്ന് ഔപചാരികമായി പേരിട്ടിരിക്കുന്ന ബിൽ ജനപ്രതിനിധിസഭ ഒന്നിനെതിരെ 427 വോട്ടുകൾക്ക് പാസാക്കിയിരുന്നു. സെനറ്റ് ബിൽ ഏകകണ്ഠമായി പാസാക്കാൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയണ് ബില്ലിൽ ട്രംപ് ഒപ്പിട്ടത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും 30 ദിവസത്തിനുള്ളിൽ പുറത്തുവിടാൻ പുതിയ നിയമം നീതിന്യായ വകുപ്പിനെ നിർബന്ധിതമാക്കുന്നു. 20,000 പേജുകള്‍ വരുന്നതാണ് എപ്‌സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ചില ഫയലുകളിൽ പ്രസിഡന്റ് ട്രംപിനെ കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിഷയം നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിനിടെയാണ് ഒന്നും മറച്ചുവെക്കാനില്ലെന്നും ഫയലുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. റിപ്പോര്‍ട്ടില്‍ ഡെമോക്രാറ്റുകളെ കുറിച്ച് പരാമര്‍ശമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പലരുടെയും പൊയിമുഖങ്ങള്‍ അഴിഞ്ഞുവീഴുമെന്നും ട്രംപ് പറഞ്ഞു. ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണ നേരിടവേ കോടീശ്വരനായ ജെഫ്രി എപ്‌സ്റ്റീന്‍ ജയിലില്‍ വച്ച് തന്നെ മരിക്കുകയായിരുന്നു. ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്‌സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്‌സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്.

Exit mobile version