Site iconSite icon Janayugom Online

എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; ഇന്ത്യക്ക് 25% തീരുവ, ഏഴ് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യക്ക് 25 ശതമാനം തീരുവ പ്രതികാരച്ചുങ്കം ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറങ്ങി. ഈ മാസം റഷ്യന്‍ സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് ഇന്ത്യ നല്‍കേണ്ടിവരുമെന്ന് ട്രംപ് പ്രഖ്യാപിച്ച ‘പിഴ’യെക്കുറിച്ച് എക്സിക്യൂട്ടീവ് ഉത്തരവില്‍ പരാമര്‍ശമില്ല. നിരക്കുകൾ ഏഴിനാണ് പ്രാബല്യത്തിലാകുക. ഉത്തരവിന് മുമ്പ് കപ്പലിൽ കയറ്റിയ ഉല്പന്നങ്ങൾക്ക് പുതിയ നിരക്ക് ബാധകമല്ല. ഉയര്‍ന്ന താരിഫ് കാരണം കയറ്റുമതി മേഖലയ്ക്ക് 25 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക ആഘാതം ഉണ്ടാകുമെന്നാണ് കയറ്റുമതി പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. അതേസമയം, റഷ്യയുമായുള്ള വ്യാപാരം തുടരുന്നതിനുള്ള പിഴ കൂടി ഇന്ത്യക്ക് വരാനുണ്ട്. ഇത് എത്രയാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. ബ്രസീലിനും പിഴച്ചുങ്കം ഭീഷണിയുണ്ടെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉള്‍പ്പെട്ടിട്ടില്ല. അഞ്ച് വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇന്ത്യയും യുഎസും വ്യാപാര ഉടമ്പടിയില്‍ ധാരണയിലെത്തിയിരുന്നില്ല. ദേശീയ താല്പര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും താരിഫുകളുടെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യ പറയുന്നു. യു എസിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. യു എസുമായി ചര്‍ച്ച തുടരാനും ശ്രമിക്കുന്നുണ്ട്. 

യുഎസിനെതിരെ ഇന്ത്യ കര്‍ശന നിലപാട് എടുത്താല്‍ മറ്റ് രാജ്യങ്ങളും ഇതേരീതിയില്‍ പ്രതികരിക്കുമെന്നാണ് വിലയിരുത്തല്‍. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം, ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായത്, ഓപ്പറേഷന്‍ സിന്ദൂറിലെ യുഎസ് അവകാശവാദം പാര്‍ലമെന്റില്‍ മോഡി നിരസിച്ചത് തുടങ്ങിയവയൊക്കെ ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന പ്രാദേശിക എതിരാളികൾക്ക് കൂടുതൽ അനുകൂലമായ താരിഫ് നിരക്കുകളാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പാകിസ്ഥാന് 19, ബംഗ്ലാദേശിന് 20, ശ്രീലങ്കയ്ക്ക് 20 എന്നിങ്ങനെയാണ് ചുങ്കം. റെഡിമേഡ് വസ്ത്ര വ്യാപാരത്തില്‍ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് ഔപചാരിക വ്യാപാര കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും നിരക്ക് കുറച്ച് നല്‍കി. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, പാദരക്ഷകൾ തുടങ്ങിയ വ്യവസായങ്ങളിൽ ഇന്ത്യയുടെ മത്സരശേഷിയെ ഈ മാറ്റം ഇല്ലാതാക്കാൻ സാധ്യതയുണ്ട്. തുകലിതര പാദരക്ഷകളിലും ഇലക്ട്രോണിക്സ് നിർമ്മാണത്തിലും ഇന്ത്യ സമീപ വർഷങ്ങളിൽ കൈവരിച്ച ആക്കം കുറയ്ക്കാൻ ഈ നീക്കം ഇടയാക്കിയേക്കുമെന്നും വ്യവസായ വിദഗ്ധർ കരുതുന്നു. 

Exit mobile version