മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിഞ്ഞതിനു ശേഷം വെെറ്റ് ഹൗസില്‍ നിന്ന് നിര്‍ണായകമായ രഹസ്യരേഖകള്‍ കൊണ്ടുപോയതായി കണ്ടെത്തല്‍. ട്രംപ് ഒപ്പം കൊണ്ടുപോയ 15 പെട്ടികളില്‍ രഹസ്യ രേഖകള്‍ ഉണ്ടായിരുന്നതായി യുഎസ് നാഷണൽ ആർക്കൈവ്സ് ആന്റ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷൻ പാര്‍ലമെന്റിനെ അറിയിച്ചു.
വൈറ്റ് ഹൗസ് രേഖകൾ നീക്കം ചെയ്തും നശിപ്പിച്ചും 1978ലെ പ്രസിഡൻഷ്യൽ റെക്കോർഡ് ആക്‌ട് ട്രംപ് ലംഘിച്ചിരുന്നോ എന്നത് സംബന്ധിച്ച് വെെറ്റ് ഹൗസ് ഓവര്‍സെറ്റ് കമ്മിറ്റി നടത്തുന്ന അന്വേഷണത്തിലും ആർക്കൈവ്സ് ആന്റ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തല്‍ നിര്‍ണായകമാകും.
ട്രംപ് കൊണ്ടുപോയ പെട്ടികളില്‍ ദേശീയ സുരക്ഷ സംബന്ധിച്ച രേഖകളും കണ്ടെത്തിയതായും ആർക്കൈവ്സ് ആന്റ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷന്‍ പാര്‍ലമെന്റിനയച്ച കത്തില്‍ പറയുന്നു. ട്രംപ് നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന നിരവധി റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് രേഖകൾ സംരക്ഷിക്കാൻ നിർബന്ധിതമാക്കുന്ന പ്രസിഡൻഷ്യൽ റെക്കോർഡ്സ് നിയമ ലംഘനത്തിന്റെയും വിവരങ്ങള്‍ പുറത്തുവരുന്നത്.
പ്രസിഡൻഷ്യൽ രേഖകളായി പരിഗണിക്കുന്ന വൈറ്റ് ഹൗസ് രേഖകളും ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന്റെ കത്തുകളും മുൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമ അയച്ച കത്തും എയർഫോഴ്‌സ് വണ്ണിന്റെ മാതൃകയും രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്.
ട്രംപിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും മുൻ പ്രസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി, മുതിർന്ന ഉപദേഷ്ടാവ് പീറ്റർ നവാരോ എന്നിവരുൾപ്പെടെയുള്ള ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത ട്വീറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായെന്നും ഏജൻസി സ്ഥിരീകരിച്ചു.
english summary; Trump smuggled White House documents
you may also like this video;