Site iconSite icon Janayugom Online

അമേരിക്കന്‍ വിരുദ്ധ ബ്രിക്സ് നയങ്ങളോട് ചേരുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ ; വന്‍ ഭീഷണയുമായി ട്രംപ്

ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്ല് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് അധികാമായി പത്ത് ശതമാനം തീരുവ ഇടാക്കുമെന്ന് യുസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്. ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തില്‍ നിന്നും അധികമായി 10 ശതമാനം താരിഫ് ഈടാക്കും. ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് .

അതേസമയം ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളെ ഏതൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇറാനെതിരെ കഴിഞ്ഞ മാസം യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെയും വികസിച്ചുവരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ശക്തമായി അപലപിച്ചിരുന്നു. 

ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച ബ്രിക്‌സ് പ്രമേയം, ഗാസയില്‍ ഉപാധികളില്ലാതെ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനുനേരേയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനികനടപടികളെയും അപലപിച്ചു. ബ്രിക്‌സില്‍ ഇറാന്‍ അംഗമാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ നടുവൊടിക്കുംവിധം ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവപ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയിലും ബ്രിക്‌സ് ആശങ്കയറിയിച്ചിരുന്നു.

ഇന്ത്യക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. നിലവില്‍ 10 അംഗരാജ്യങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ന് അവസാനിക്കും.

Exit mobile version