Site iconSite icon Janayugom Online

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ്

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങള്‍ക്കിടിയില്‍ ജനങ്ങളെ കൊലപ്പെടുത്താന്‍ തുടങ്ങിയാല്‍ ഇറാനെ വളരെ ശക്തമായി നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

കൺസർവേറ്റീവ് റേഡിയോ അവതാരകൻ ഹ്യൂ ഹെവിറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. തിക്കിലും തിരക്കിലും അകപ്പെട്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാ സേനയുടെ നടപടിയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിക്കിനാകില്ലെന്നും അഭിപ്രായപ്പെട്ട ട്രംപ് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടത്തിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ധീരരായ ജനത എന്ന് വിശേഷിപ്പിച്ച ട്രംപ്,അവർക്ക് സ്വാതന്ത്ര്യത്തിനായി നിലകൊള്ളാൻ അവകാശമുണ്ടെന്നും ഇറാൻ ഒരിക്കൽ മഹത്തായ ഒരു രാജ്യമായിരുന്നുവെന്നും പറഞ്ഞു.ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഇതിനോടകം തന്നെ ഏകദേശം 45 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ഇറാനിലുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചതായി നെറ്റ്ബ്ലോക്സ് സ്ഥിരീകരിച്ചു.

Exit mobile version