ട്രംപിന്റെ ഭരണം ഭയപ്പെടുത്തുന്നതിനാൽ അമേരിക്ക വിടാനൊരുങ്ങി ഹോളിവുഡ് സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ. ചരിത്രപരമായി എന്തിനൊക്കെ വേണ്ടിയാണോ അമേരിക്ക നിലനില്‍ക്കുന്നത്, അതില്‍ നിന്നെല്ലാം യുഎസ് പിന്മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷമായി, യുഎസിൽ ഉള്ളതിനേക്കാൾ താൻ കൂടുതൽ സമയം ന്യൂസിലൻഡിലാണ് ചെലവഴിച്ചത്. ഒരു പോഡ്കാസ്റ്റിലൂടെയാണ് സംവിധായകൻ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയിൽ നിന്ന് സ്ഥിരമായി ന്യൂസിലൻഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതായും കാമറൂൺ പറഞ്ഞു. ഹോളിവുഡിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളായ ടൈറ്റാനിക്, അവതാർ തുടങ്ങിയവയുടെ സൃഷ്ടാവായ കാമറൂണ്‍, ഭാവി സിനിമകള്‍ ന്യൂസിലന്‍ഡില്‍ ചെയ്യാനാണ് പദ്ധതിയെന്നും പ്രഖ്യാപിച്ചു. അമേരിക്കയിൽ തനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജിൽ ട്രംപിന്റെ ചിത്രം കാണാൻ താൽപര്യമില്ലെന്നും കാമറൂൺ പറഞ്ഞു.

