Site iconSite icon Janayugom Online

ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ പ്രഹരം

എച്ച്-1ബി വിസകളും ഗ്രീന്‍ കാര്‍ഡ് സംവിധാനവും മാറ്റാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടെന്ന സൂചന നല്‍കി വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്. എച്ച്1‑ബി വിസ സമ്പ്രദായം ഭയാനകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ തൊഴിലാളികളെ മാറ്റി വിദേശീയരെ എത്തിക്കുന്ന ഒരു അഴിമതിയാണ് എച്ച്1 ബി വിസയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എച്ച്-1ബി ഉടമകളില്‍ ബഹുഭൂരിപക്ഷവും വരുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഇന്ത്യക്കാര്‍ക്ക് വ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് യുഎസ് ഭരണകൂടം നീങ്ങുന്നുവെന്നാണ് സൂചനകള്‍.

‘നിലവിലെ എച്ച്-1ബി വിസ സമ്പ്രദായം വിദേശ തൊഴിലാളികളെ അമേരിക്കന്‍ തൊഴിലവസരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഒരു തട്ടിപ്പാണ്. അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുക എന്നത് എല്ലാ മികച്ച അമേരിക്കന്‍ ബിസിനസുകളുടെയും മുന്‍ഗണനയായിരിക്കണം,’ ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിന് നല്‍കിയ അഭിമുഖത്തില്‍ ലുട്നിക് പറഞ്ഞു.

ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഗ്രീന്‍ കാര്‍ഡിലും ഇമിഗ്രേഷന്‍ സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തുമെന്നും ഒരു ‘ഗോള്‍ഡ് കാര്‍ഡ്’ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നു. ശരാശരി അമേരിക്കക്കാരന്‍ പ്രതിവര്‍ഷം 75,000 ഡോളറും ശരാശരി ഗ്രീന്‍ കാര്‍ഡ് സ്വീകര്‍ത്താവ് 66,000 ഡോളറും സമ്പാദിക്കുന്നു. അപ്പോള്‍ നമ്മള്‍ ഏറ്റവും കുറഞ്ഞ ക്വാര്‍ട്ടൈല്‍ എടുക്കുന്നു. നമ്മള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?” ലുട്നിക് ചോദിച്ചു. വരാനിരിക്കുന്ന ഗോള്‍ഡ് കാര്‍ഡ് വഴി ഈ രാജ്യത്തേക്ക് വരാന്‍ ഏറ്റവും നല്ല ആളുകളെയാണ് ഞങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത്. അത് മാറേണ്ട സമയമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എച്ച്-1ബി വിസ പ്രോഗ്രാമിനുള്ള പിന്തുണ പ്രസിഡന്റ് ട്രംപ് വീണ്ടും ഉറപ്പിച്ചു പറഞ്ഞതിനു പിന്നാലെയാണ് ലുട്‌നിക്കിന്റെ പരാമര്‍ശങ്ങള്‍. യുഎസിലേക്ക് ‘കഴിവുള്ളവരും’ ‘മികച്ചവരുമായ’ വ്യക്തികളെ കൊണ്ടുവരുന്നതിന് എച്ച്-1ബി വിസ പ്രോഗ്രാം അത്യാവശ്യമാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വിസ സമ്പ്രദായത്തിലെ ഏതൊരു മാറ്റവും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. 2023 സാമ്പത്തിക വര്‍ഷത്തില്‍, യുഎസിലെ അംഗീകൃത എച്ച്-1ബി വിസകളില്‍ 72% ല്‍ അധികവും ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു ലഭിച്ചത്.

തൊഴില്‍, വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഉള്‍പ്പെടെ മിക്ക കുടിയേറ്റേതര വിസകള്‍ക്കുമായുള്ള ‘ഡ്രോപ്പ്‌ബോക്‌സ്’ സൗകര്യം എന്നറിയപ്പെടുന്ന ഇന്റര്‍വ്യൂ രഹിത പ്രോഗ്രാം യുഎസ് നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചിരുന്നു. ഈ മാറ്റം സെപ്റ്റംബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിസ കാത്തിരിപ്പ് യുഎസിലേക്കുള്ളതാണ്.

Exit mobile version