Site iconSite icon Janayugom Online

സ്വന്തന്ത്ര്യ പലസ്തീനില്ലാതെ ട്രംപിന്റെ ഗാസ സമാധാന പദ്ധതി

ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി 20 ഇന പദ്ധതി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനകരാറിന് ഏറെ അടുത്തെത്തിയെന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. സ്വതന്ത്ര പലസ്തീന്‍’ ഒഴിവാക്കിയും അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുമുള്ളതാണ് നിര്‍ദിഷ്ട പദ്ധതികള്‍. ഇസ്രയേലിന്റെ യുദ്ധലക്ഷ്യം നേടിയെടുക്കാന്‍ കഴിയുമെന്നതിനാല്‍ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ പലസ്തീന്‍ രാഷ്ട്ര രൂപികരണത്തെ അംഗീകരിച്ചിട്ടില്ല. പലസ്തീനിലും വിദേശത്തുമുള്ള രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾക്കുള്ളിൽ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചു. പദ്ധതിയുടെ രൂപരേഖ പുനഃപരിശോധിക്കുമെന്നും ഹമാസ് വ്യക്തമാക്കി. നാല് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി.
ഇരുപക്ഷവും നിര്‍ദേശം അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തിലെത്തും. ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്നോടിയായി ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഭാഗികമായി പിന്‍വാങ്ങും. എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കുകയും സേനയുടെ പൂര്‍ണമായുള്ള പിന്‍വലിക്കലിനായി വ്യവസ്ഥകൾ പാലിക്കുന്നതുവരെ യുദ്ധമുന്നണികള്‍ മരവിപ്പിക്കുകയും ചെയ്യും. ഇസ്രയേല്‍ ഇത് അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ, ജീവനോടെ ഉള്ള ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനല്‍കണം. തുടർന്ന്, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 പലസ്തീൻ തടവുകാരെയും, 2023 ഒക്ടോബർ ഏഴിന് സംഘർഷം ആരംഭിച്ചതിന് ശേഷം തടവിലാക്കപ്പെട്ട 1,700 ഗാസ നിവാസികളെയും ഇസ്രയേല്‍ മോചിപ്പിക്കും. സമാധാനപരമായ സഹവർത്തിത്വത്തിന് പ്രതിജ്ഞാബദ്ധരും ആയുധം ഉപേക്ഷിക്കാന്‍ സന്നദ്ധരുമായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായി രാജ്യംവിടാന്‍ അവസരം നല്‍കും. ജനുവരി 19 ലെ കരാർ പ്രകാരം മുനമ്പിലേക്കുള്ള മാനുഷിക സഹായം അനുവദിക്കും. ഐക്യരാഷ്ട്രസഭയും അനുബന്ധ ഏജൻസികളും വഴി ഇസ്രയേലിന്റെയോ ഹമാസിന്റെയോ ഇടപെടലില്ലാതെ സഹായ വിതരണം തുടരും. കരാര്‍ പ്രകാരം ആരെയും ഗാസയില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കില്ല. വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി സൗകര്യം ഒരുക്കും. അതുപോലെ അങ്ങോട്ട് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും.

ഇസ്രയേൽ ഗാസ പിടിച്ചെടുക്കില്ലെന്നും ആരെയും പ്രദേശം ഗാസ വിട്ടുപോകാൻ നിർബന്ധിക്കില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചതായി അൽ-ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സുരക്ഷാ സേന കെെവശപ്പെടുത്തിയിരിക്കുന്ന ഗാസയിലെ പ്രദേശങ്ങള്‍ ക്രമേണ ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരത സേനയ്ക്ക് കൈമാറും. ട്രംപ് നേതൃത്വം നല്‍കുന്ന “അന്താരാഷ്ട്ര സമാധാന സമിതി ( ബോര്‍ഡ് ഓഫ് പീസ്) എന്ന ആശയവും നിര്‍ദേശത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ പരാമര്‍ശങ്ങളില്ല. ബോർഡ് ഓഫ് പീസില്‍ ബ്ലെയര്‍ ഉള്‍പ്പെട്ടേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പലസ്തീനികളും ആഗോള വിദഗ്ധരും ഉൾപ്പെടുന്ന ഒരു താൽക്കാലിക ‘സാങ്കേതിക‑രാഷ്ട്രീയരഹിത പലസ്തീന്‍ കമ്മിറ്റിയായിരിക്കും യുദ്ധാനന്തരം ഗാസ ഭരിക്കുക. അന്താരാഷ്ട്ര സമാധാന സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഭരണം. പലസ്തീൻ അതോറിട്ടി വലിയ പരിഷ്കാരങ്ങൾക്ക് വിധേയമാകുന്നതുവരെ ഗാസയുടെ പുനർവികസനത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുകയും ധനസഹായം കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഈ സംഘമായിരിക്കും. ഗാസ ഭരിക്കുന്നതിൽ ഹമാസിന് നേരിട്ടോ അല്ലാതെയോ ഒരു പങ്കും ഉണ്ടായിരിക്കരുതെന്ന് നിർദേശത്തില്‍ ആവശ്യപ്പെടുന്നു. തുരങ്കങ്ങളും ആയുധങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളും ഉൾപ്പെടെ എല്ലാ സൈനിക അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റണമെന്നും വ്യവസ്ഥയുണ്ട്. ആഗോള വിദഗ്ധരടങ്ങിയ ഒരു പാനല്‍ സാമ്പത്തിക വികസന പദ്ധതി തയ്യാറാക്കും. അതേസമയം, പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനുള്ള പദ്ധതി അവ്യക്തമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതി ഗാസയിലെ രണ്ട് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും മേഖലയില്‍ സുസ്ഥിര സമാധാനം കെെവരിക്കാന്‍ ഉതകുന്നതല്ലെന്നും വിലയിരുത്തുന്നു.

പദ്ധതി തള്ളി ഗാസ മാധ്യമ മേധാവി

ഡൊണാള്‍ഡ് ട്രംപിന്റെ 20ഇന പദ്ധതി തള്ളി ഗാസ ഗവൺമെന്റ് മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ-തവാബ്ത. പദ്ധതി ദീര്‍ഘകാല പരിഹാരം നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ അധിനിവേശത്തെ നിയമവിധേയമാക്കുകയും പലസ്തീനികളുടെ ദേശീയ, രാഷ്ട്രീയ, മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ട്രസ്റ്റിഷിപ്പ് ഏര്‍പ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നുവെന്ന് ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇസ്രയേലി ആക്രമണങ്ങൾ തടയുകയും മാനുഷിക സഹായ ഉപരോധം നീക്കുകയും ചെയ്യുക എന്നതാണ്. ഗാസയിൽ നിന്നുള്ള സാധാരണക്കാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്യുന്നത് അവസാനിപ്പിക്കണം. പലസ്തീനികള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും അവകാശമുണ്ട്. അന്താരാഷ്ട്ര ഭരണത്തിൻ കീഴിൽ ഗാസയെ നിരായുധീകരിച്ച, പരമാധികാരമില്ലാത്ത സുരക്ഷാ മേഖലയായി കണക്കാക്കുന്ന ഏതൊരു നിർദ്ദേശവും പലസ്തീൻ ദേശീയ മനസ്സാക്ഷിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാഗതം ചെയ്ത് അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതി ലോകനേതാക്കള്‍ സ്വാഗതം ചെയ്തു. സൗദി അറേബ്യ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഇന്തോനേഷ്യ, തുർക്കി, പാകിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പദ്ധതി തത്വത്തിൽ സ്വാഗതം ചെയ്തു. കഴിഞ്ഞയാഴ്ച പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച യുഎസിന്റെ ചില സഖ്യകക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഹമാസിനോട് പദ്ധതി അംഗീകരിക്കാനും “ദുരിതം അവസാനിപ്പിക്കാനും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആഹ്വാനം ചെയ്തു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നതായി ക്രെംലിൻ അറിയിച്ചു. ദുരന്തം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ ഏതൊരു ശ്രമത്തെയും റഷ്യ എപ്പോഴും പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
പദ്ധതി സ്വീകരിക്കുകയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. സ്പാനിഷ് സര്‍ക്കാരും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എല്ലാ കക്ഷികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരം ഈ പദ്ധതിയാണെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് അഭിപ്രായപ്പെട്ടു. ഹമാസ് തടവിലാക്കിയ ജർമ്മൻ ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തു. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘകാലവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നൽകുന്നുവെന്ന് മോഡി പറഞ്ഞു. അമേരിക്ക മുന്നോട്ടുവച്ച ഗാസ സമാധാന നിർദ്ദേശത്തെ സ്പെയിൻ സ്വാഗതം ചെയ്യുന്നതായി സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് അറിയിച്ചു. അഭിലാഷകരമായ ഈ നിർദ്ദേശം ഒരു സ്ഥിരമായ വെടിനിർത്തലിലേക്കുള്ള വഴിത്തിരിവായി മാറുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു

പാക് പ്രധാനമന്ത്രിക്ക് പ്രശംസ

ഗാസ സമാധാനപദ്ധതിയെ പിന്തുണയ്ക്കുന്നതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെയും സൈനികമേധാവി അസിം മുനീറിനെയും പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരെയും ‘ഗംഭീര നേതാക്കളെ’ന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർദേശത്തെ പാകിസ്ഥാൻ തുടക്കം മുതലേ പിന്തുണച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും തുടക്കം മുതല്‍ക്കേ ഞങ്ങള്‍ക്കൊപ്പമുണ്ട്. അവര്‍ ഗംഭീരനേതാക്കളാണ്. സമാധാനപദ്ധതിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് അവര്‍ പ്രസ്താവനയിറക്കി. അവര്‍ ഗാസ സമാധാനപദ്ധതിയെ നൂറ് ശതമാനം പിന്തുണയ്ക്കുന്നു’, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version