Site iconSite icon Janayugom Online

ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് അധിനിവേശ ഭീഷണി; നാറ്റോയില്‍ ഭിന്നത രൂക്ഷം

ഗ്രീന്‍ലാന്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ നാറ്റോ സഖ്യത്തില്‍ ഭിന്നത. അമേരിക്കയുടെ അധിനിവേശ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഡെന്‍മാര്‍ക്കിന് പിന്തുണയുമായി മറ്റ് നാറ്റോ രാജ്യങ്ങള്‍ രംഗത്തെത്തി. ഡെന്മാര്‍ക്കുമായുള്ള രാഷ്ട്രീയ ബന്ധം മൂലം ഗ്രീന്‍ലാന്‍ഡ് നാറ്റോയുടെ സുരക്ഷാ കവചത്തിന് കീഴിലാണ്.

ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേക്ക് സൈനികരെ വിന്യസിച്ചു തുടങ്ങിയെന്നാണി റിപ്പോര്‍ട്ട്. മേഖലയിലെ നയതന്ത്ര സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ന്യൂക്കില്‍ പുതിയ കോണ്‍സുലേറ്റുകള്‍ ഉടന്‍ തുറക്കുമെന്ന് കാനഡയും ഫ്രാന്‍സും അറിയിച്ചു. ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും’ എന്നതാണ് നാറ്റോയുടെ സുപ്രധാന തത്വം. ഇതനുസരിച്ചാണ് ഗ്രീന്‍ലാന്‍ഡ് അധിനിവേശത്തിനെതിരെ നാറ്റോ അംഗങ്ങള്‍ പ്രതിരോധം തീര്‍ക്കുന്നത്.

നാറ്റോയിലെ ഏറ്റവും വലിയ സെെനിക ശക്തിയാണ് അമേരിക്ക. ഒരു നാറ്റോ അംഗം മറ്റൊരു അംഗരാജ്യത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്നത് സഖ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ യുഎസിനോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതുമായ നടപടിയാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ദ്വീപിന് നേരെ ഏതെങ്കിലും തരത്തിലുള്ള അധിനിവേശമുണ്ടായാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്ന് ഗ്രീന്‍ലാന്‍ഡിന്റെ പ്രതിരോധ ചുമതലയുള്ള ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.നിലവില്‍ വടക്കുപടിഞ്ഞാറന്‍ ഗ്രീന്‍ലാന്‍ഡിലെ പിറ്റുഫിക് ബഹിരാകാശ താവളത്തില്‍ അമേരിക്കയുടെ 150 സൈനികര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഈ സാന്നിധ്യം നിലനില്‍ക്കെത്തന്നെയാണ് ദ്വീപിന്റെ പരമാധികാരത്തിന്മേല്‍ യുഎസ് അവകാശവാദം ഉന്നയിക്കുന്നത്. 

Exit mobile version