Site iconSite icon Janayugom Online

ട്രംപിന്റെ താരിഫ് പ്രഖ്യാപനം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ  സ്വാധീനിക്കും: ആര്‍ബിഐ 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം താരിഫ് സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. സാമ്പത്തിക വെല്ലുവിളി പ്രതികരിക്കുന്നതില്‍ ആര്‍ബിഐ തന്ത്രങ്ങള്‍ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നയസമീപനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി- ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ സംയുക്തമായി സംഘടിപ്പിച്ച വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഞ്ജയ് മല്‍ഹോത്ര.
യുഎസ് താരിഫ് പ്രത്യക്ഷത്തില്‍ തീവ്രത വളരെ കുറഞ്ഞ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് എത്രമാത്രം ആഴത്തില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാകില്ല. ആദ്യം പ്രഖ്യാപിച്ച 25 % താരിഫ് മാത്രമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ശേഷിക്കുന്ന 25%  നാളെ മുതല്‍ നിലവില്‍ വരും. താരിഫ് ചര്‍ച്ചകള്‍ നടന്നു വരുകയാണ്. യുഎസ് താരിഫിന്റെ ആഘാതം കുറവായിരിക്കുമെന്നാണ് പ്രതിക്ഷീക്കുന്നത്. ഇത്തരം ബാഹ്യ ആഘാതങ്ങളില്‍ നിന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികള്‍ ആര്‍ബിഐ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ കയറ്റുമതിയുടെ ഏകദേശം 45% ഇപ്പോഴും യുഎസ് താരിഫ് വലയത്തിന് പുറത്താണ്. എന്നാല്‍ ചില മേഖലകള്‍ കൂടുതല്‍ ദുര്‍ബലമാണെന്ന വസ്തുത തിരിച്ചറിയണം. രത്നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ , വജ്രം, ചെമ്മീന്‍, ചെറുകിട- ഇടത്തരം സംഭരങ്ങള്‍ എന്നീ മേഖലയില്‍ പ്രത്യാഘാതം സംഭവിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് താരിഫുകൾ കാരണം 2025–26 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 20 മുതല്‍ 30 ബേസിസ് പോയിന്റ് വരെ ഇടിയുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
റഷ്യന്‍ ക്രൂഡോയില്‍ ഇറക്കുമതിയുടെ പേരിലാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ അധികമായി 25% താരിഫ് അധികമായി പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് യുഎസ് താരിഫ് നിരക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ബാങ്ക് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Exit mobile version