പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരൊ. റഷ്യ- യുക്രൈന്‍ യുദ്ധം, മോഡിയുടെ യുദ്ധമാണെന്ന് അദ്ദേഹം പറഞു.ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ നിര്‍ത്തുന്നപക്ഷം ചുമത്തിയ 25 ശതമാനം വ്യാപാരത്തീരുവ അമേരിക്ക ഒഴിവാക്കുമെന്നും നവാരൊ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചെയ്തികള്‍ കാരണം അമേരിക്കയിലെ എല്ലാവരും നഷ്ടം അനുഭവിക്കുകയാണെന്നും നവാരൊ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കും വ്യാപാരത്തിനുമെല്ലാം നഷ്ടമുണ്ടാകുന്നു. ഇന്ത്യയുടെ ഉയര്‍ന്ന തീരുവ മൂലം ഞങ്ങള്‍ക്ക് ജോലികളും ഫാക്ടറികളും വരുമാനവും ഉയര്‍ന്ന വേതനവും നഷ്ടപ്പെടുത്തുന്നതിനാല്‍ തൊഴിലാളികള്‍ക്കും നഷ്ടമുണ്ടാകുന്നു. മാത്രമല്ല, മോഡിയുടെ യുദ്ധത്തിന് ഞങ്ങള്‍ക്ക് പണം നല്‍കേണ്ടിവരുന്നതുകൊണ്ട് നികുതിദായകര്‍ക്കും നഷ്ടം സംഭവിക്കുന്നു, അദ്ദേഹം പറഞ്ഞു. മോഡിയുടെ യുദ്ധമെന്ന നവാരോയുടെ പരാമര്‍ശത്തിന് പിന്നാലെ, പരിപാടിയുടെ അവതാരകന്‍ ഇടപെടുകയും പുതിന്റെ യുദ്ധംഎന്നാണോ പറയാന്‍ ഉദേശിച്ചത് എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, താന്‍ ഉദ്ദേശിച്ചത് മോഡിയുടെ യുദ്ധമെന്നാണെന്നും സമാധാനത്തിന്റെ പാത ഡല്‍ഹിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയാല്‍ നാളെത്തന്നെ 25 ശതമാനം തീരുവ ഇളവ് ലഭിക്കുമെന്നും നവാരൊ കൂട്ടിച്ചേര്‍ത്തു. നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രൈന്‍യുദ്ധത്തെ നിലനിര്‍ത്തുകയാണെന്ന പരാമര്‍ശവും പീറ്റര്‍ നവാരൊ നടത്തിയിരുന്നു.

