Site iconSite icon Janayugom Online

ട്രംപിന്റെ വ്യാപാര യുദ്ധം; തിരിച്ചടിച്ച് കാനഡയും മെക്സിക്കോയും; നിയമനടപടിക്കൊരുങ്ങി ചെെന

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ കാനഡയും മെക്സിക്കോയും ചെെനയും. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര വ്യാപാര നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അധിക താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കുമെന്ന് ചൈന അറിയിച്ചു. വ്യാപാര യുദ്ധങ്ങള്‍ക്ക് വിജയികളില്ലെന്നും ചെെനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഫെന്റെനിൽ (സിന്തറ്റിക് മയക്കുമരുന്ന്) അമേരിക്കയുടെ പ്രശ്നമാണ്. അമേരിക്കയുമായി ചേര്‍ന്ന് വിപുലമായ മയക്കുമരുന്ന് വിരുദ്ധ പദ്ധതികളില്‍ രാജ്യം സഹകരിച്ചിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ ട്രംപ് സൗകര്യപൂര്‍വം മറക്കുകയാണെന്നും ചെെന ആരോപിച്ചു.
ട്രംപിന്റെ നടപടിക്ക് പ്രതികാരമായി 155 ബില്യൺ കനേഡിയൻ ഡോളറിന്റെ അമേരിക്കൻ ഉല്പന്നങ്ങൾക്ക് ഘട്ടംഘട്ടമായി 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. എണ്ണ, ഊർജം, തടി എന്നിവയുൾപ്പെടെ‍ നിർണായക ധാതു വിഭവങ്ങളും യുഎസ് ഉപഭോക്താക്കള്‍ക്ക് ട്രംപ് അപ്രാപ്യമാക്കിയതായി ട്രൂഡോ പറഞ്ഞു. അമേരിക്കയുമായുള്ള ഇടപാടുകൾ അവലോകനം ചെയ്യാൻ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ കാനഡയിലേക്ക് വരുന്ന 30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തും. മൂന്നാഴ്ചയ്ക്കുള്ളിൽ 125 ബില്യൺ ഡോളര്‍ മൂല്യമുള്ള യുഎസ് ഇറക്കുമതികള്‍ പുതുക്കിയ താരിഫ് നിരക്കിന്റെ പരിധിയിലാക്കും.
യുഎസ് പ്രസിഡന്റ് ഏർപ്പെടുത്തിയ താരിഫുകൾക്ക് അതേനാണയത്തില്‍ തന്നെ മറുപടി നല്‍കുമെന്ന് മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകളില്‍ തലയുയര്‍ത്തിയാണ് മെക്സിക്കോ അഭിപ്രായം പറയാറുള്ളതെന്നും ഷെയ‍്ന്‍ബോം പറഞ്ഞു. ക്രിമിനൽ സംഘടനകളുമായി സഖ്യമുണ്ടാക്കുന്നുവെന്ന മെക്സിക്കോ സർക്കാരിനെക്കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ ആരോപണം അസംബന്ധമാണ്. മെക്സിക്കൻ മയക്കുമരുന്ന് കടത്തുകാർക്ക് സര്‍ക്കാരുമായി സഖ്യമുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. 

കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനം മാത്രമാണ് നികുതി.
അമേരിക്കയുടെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളായ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും മേലുള്ള അധിക തീരുവ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. താരിഫുകൾ നിലനിൽക്കുകയാണെങ്കിൽ, യുഎസിൽ പണപ്പെരുപ്പം ഗണ്യമായി വഷളാകാനും സാധ്യതയുണ്ട്. ഇന്റര്‍നാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരമാണ് ട്രംപ് താരിഫുകൾ ചുമത്തുന്നത്. മയക്കുമരുന്ന് കടത്തുന്നു എന്ന ആരോപണമുന്നയിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരായ നടപടി. മെക്സിക്കോയെ സംബന്ധിച്ചിടത്തോളം താരിഫുകൾ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനത്തോളം പങ്ക് കയറ്റുമതിക്കുണ്ട്. താരിഫുകൾ നിലനിർത്തിയാൽ മെക്സിക്കൻ സമ്പദ്‌വ്യവസ്ഥ “കടുത്ത മാന്ദ്യത്തിലേക്ക് പ്രവേശിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. താരിഫുകൾ രണ്ട് സമ്പദ്‌വ്യവസ്ഥകളെയും ബാധിക്കുമെന്നും സുരക്ഷ, കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവയുടെ യഥാർത്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുമെന്നും മെക്‌സിക്കോയിലെ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് പറഞ്ഞു. അമേരിക്ക ഫസ്റ്റ് എന്നാൽ അമേരിക്ക മാത്രം എന്നല്ല അര്‍ത്ഥമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ഉയർന്ന താരിഫുകൾ യുഎസിലെ ഉപഭോക്തൃ വസ്തുക്കളുടെ വില വർധിപ്പിക്കും. ഇത് ജീവിതച്ചെലവ് ഉയരുന്നതിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2018ലും 2019ലും ഏകദേശം 380 ബില്യൺ ഡോളർ മൂല്യമുള്ള ഉല്പന്നങ്ങളിൽ ട്രംപ് താരിഫ് ചുമത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ നികുതി വർധനവ് എന്നാണ് ടാക്സ് ഫൗണ്ടേഷൻ ഇതിനെ വിശേഷിപ്പച്ചത്. ജോ ബൈഡന്‍ ഭരണകൂടം ആ താരിഫുകളിൽ ഭൂരിഭാഗവും നിലനിർത്തി. അര്‍ധചാലകങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ 18 ബില്യൺ ഡോളറിന്റെ ചെെനീസ് ഉല്പന്നങ്ങളുടെ താരിഫ് വര്‍ധിപ്പിച്ചിരുന്നു.

Exit mobile version