ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യ സുഹൃത്താണെങ്കിലും അധിക താരിഫും പിഴയും ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് അപ്രതീക്ഷിതമായ ഒരു നീക്കത്തില്‍ പ്രഖ്യാപിച്ചു. ഇന്ത്യ എക്കാലത്തും സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്ന് വാങ്ങുന്നു. ചൈനയ്ക്കൊപ്പം റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യയാണ്. അതിനാൽ ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഇന്ത്യ 25% താരിഫും, മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പിഴയും നൽകേണ്ടി വരുമെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു. ഇന്ത്യ‑അമേരിക്ക വ്യാപാര കരാറിന്മേല്‍ ചര്‍ച്ച ആരംഭിച്ച് മാസങ്ങളായിട്ടും അന്തിമ രൂപത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എങ്കിലും ഓഗസ്റ്റ് ഒന്ന് മുതല്‍ എന്ന സമയപരിധിയില്‍ ഇന്ത്യക്ക് ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. പ്രത്യേക വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതല്‍ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യ അമേരിക്കയുടെ സുഹൃത്താണെങ്കിലും ഇന്ത്യയുമായി യുഎസ് കൂടുതല്‍ വ്യാപാരം നടത്താറില്ലെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയില്‍ ഇറക്കുമതിക്ക് ചുമത്തുന്ന ഉയര്‍ന്ന നിരക്കാണ് കാരണം. ലോകത്തില്‍ തന്നെ ഉയര്‍ന്നതാണത്. കഠിനവും മോശവുമായ വാണിജ്യ രീതികളാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുമായി അമേരിക്കക്ക് ഉയര്‍ന്ന വാണിജ്യ കമ്മിയാണുള്ളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യ പാകിസ്ഥാനെതിരായ യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു.

