എന്‍ഡിഎയ്ക്കൊപ്പം പുതിയ സഖ്യം രൂപീകരിച്ച് അധികാരത്തിലേറിയ നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. കുതിരക്കച്ചവടം ഭയന്ന് തെലങ്കാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്നലെ വൈകിട്ട് പട്നയില്‍ തിരിച്ചെത്തി. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിലാണ് മഹാസഖ്യ എംഎല്‍എമാരുടെ ക്യാമ്പ്. വിശ്വാസവോട്ടെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് എംഎല്‍എമാരും ഇവര്‍ക്കൊപ്പമായിരിക്കും. നേരത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജെഡിയുവില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നിലവില്‍ 243 അംഗ നിയമസഭയില്‍ എൻഡിഎയ്ക്ക് 128 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ബിജെപി-78, ജെഡിയു-45, എച്ച്എഎം-നാല്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മഹാസഖ്യത്തില്‍ 114 അംഗങ്ങളാണുള്ളത്. ആര്‍ജെഡി-79, കോണ്‍ഗ്രസ്-19, ഇടത് പാര്‍ട്ടികള്‍ ‑16. ഒരു എംഎല്‍എ മാത്രമുള്ള എഐഎംഐഎം ഇരു മുന്നണികളിലും ചേര്‍ന്നിട്ടില്ല.
ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. എച്ച്എഎം നിതീഷ് കുമാറിനെ പിന്തുണയ്ക്കണമെന്ന് കാട്ടി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിശ്വാസ വോട്ടിന് മുമ്പ് ആര്‍ജെഡി പ്രതിനിധിയായ സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയവും വോട്ടിനിടും.
English Summary: Trust vote in Bihar today
You may also like this video