നവജാതശിശുവിനെ വിൽക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഫിലിപ്പിന്‍സിലാണ് സംഭവം. 12 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ബിസിനസ് ആരംഭിക്കുന്നതിനുള്ള പണം സ്വരൂപിക്കാന്‍ ദമ്പതികൾ വിൽക്കാന്‍ ശ്രമിച്ചത്. മാതാവിന് 22 ഉം പിതാവിന് 19 മാണ് പ്രായം. അതേസമയം കുഞ്ഞിനെ വൈദ്യപരിശോധനക്ക് ശേഷം ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഫ്രെബുവരി 2നാണ് സംഭവം.
ഓൺലൈനിൽ കുഞ്ഞിനെ വിൽക്കാനുണ്ടെന്ന പരസ്യം ശ്രദ്ധയിൽപെട്ട പൊലിസ് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന ഇരുവരെയും സമീപിക്കുകയായിരുന്നു. തുടർന്ന് ഒരു മാളിലെ റസ്റ്റോറന്‍റിൽവച്ച് ഫിലിപ്പൈന്‍ നാഷണൽ പൊലിസ് വുമൺ ആന്‍ഡ് ചൈൽഡ് പ്രൊട്ടക്ഷന്‍ സെന്‍റർ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2,7500 ഫിലിപ്പിന്‍ പെസോസാണ് 43113 രൂപയാണ് അവര്‍ കുഞ്ഞിനിട്ടിരുന്ന വില. മനുഷ്യക്കടത്ത്, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വിലങ്ങ് അണിയിക്കുന്നതിന് മുൻപ് കുട്ടിയെ വിൽക്കാൻ പദ്ധതിയിട്ട കാര്യം അമ്മ കരഞ്ഞുകൊണ്ട് സമ്മതിച്ചതായാണ് റിപ്പോർട്ട്.
കുറ്റം തെളിഞ്ഞാൽ ദമ്പതികൾക്ക് 20 വർഷം വരെ തടവുശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം. സ്രീറ്റ് ഫുഡ് കാർട്ട് ആരംഭിക്കാനാണ് ഇരുവരും കുഞ്ഞിനെ വിൽക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം ഒരു കുട്ടിയുടെ ജീവിതം അമൂല്യമാണന്നും സാഹചര്യങ്ങൾ എന്തുതന്നെയായാലും കുട്ടികളെ വില്പനവസ്തുവാക്കരുതെന്നും നാഷണൽ അതോറിറ്റി ഓഫ് ചൈൽഡ് കെയർ വ്യക്തമാക്കി. ഈ വർഷം മാത്രം അഞ്ച് കുഞ്ഞുങ്ങളെയാണ് ഫിലിപ്പിന്‍സിൽ ഇത്തരത്തിൽ വിൽക്കാന്‍ ശ്രമിച്ചത്.

