Site iconSite icon Janayugom Online

നവജാത ശിശുവിനെ ഓൺലൈനിൽ പരസ്യം നൽകി വിൽക്കാൻ ശ്രമം: മൂന്ന് വനിതകള്‍ പിടിയില്‍

നവജാത ശിശുവിനെ ഓൺലൈനിൽ പരസ്യം നൽകി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പ്രവാസി വനിതകൾക്ക് ദുബായിൽ ജയിൽ ശിക്ഷ. 12,000 ദിർഹത്തിനായിരുന്നു ആൺക്കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്ന് ദുബായ് ക്രിമനൽ കോടതിയിലെ കേസ് രേഖകൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിവരമറിയിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍തത്.

2021 ഫെബ്രുവരി മാസത്തിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി ദുബൈ ക്രിമിനൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. രണ്ട് മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ താത്പര്യം പ്രകടിപ്പിച്ച് കുട്ടിയുടെ അമ്മയാണ് സോഷ്യൽ മീഡിയയിലൂടെ പരസ്യം നൽകിയത്. കുട്ടിയെ വാങ്ങാൻ താത്പര്യമുണ്ടെന്ന തരത്തിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇവരെ സോഷ്യൽ മീഡിയയിലൂടെ സമീപിച്ചാണ് കേസിലെ എല്ലാ പ്രതികളെയും കുടുക്കിയത്. അമ്മയ്‍ക്ക് പുറമെ, അമ്മയിൽ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് കൊണ്ടുവരാമെന്ന് സമ്മതിച്ച മറ്റൊരു യുവതി, ജുമൈറ ഏരിയയിൽ വെച്ച് കുഞ്ഞിനെ ഏറ്റുവാങ്ങാനെത്തിയ മറ്റൊരു യുവതി എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷിക്കപ്പെട്ടവർ ഏത് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

തന്റെ ഒരു അവിഹിത ബന്ധത്തിൽ പിറന്നതായിരുന്നു കുട്ടിയെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പണം ആവശ്യമായിരുന്നതിനാലാണ് കുട്ടിയെ വിൽക്കാൻ തയ്യാറായതെന്നും അമ്മ പറഞ്ഞു. വിചാരണ പൂർത്തിയാക്കിയ ദുബൈ ക്രിമിനൽ കോടതി, കഴിഞ്ഞ ദിവസം മൂന്ന് പേർക്കും മൂന്ന് വർഷം വീതം ജയിൽ ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവ് പൂർത്തിയായ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും. കുഞ്ഞ് ഇപ്പോൾ അധികൃതരുടെ സംരക്ഷണയിലാണ്.

Eng­lish sum­ma­ry: Try­ing to sell new­born baby by adver­tis­ing online

you may also like this video:

Exit mobile version