ഉത്തരാഖണ്ഡിലെ തുരങ്കത്തിനകത്ത് കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം തുടരുന്നു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേക്ക് ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതായി ദേശീയപാത വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
41 പേരാണ് തുരങ്കത്തിനുള്ളിലുള്ളത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പൈപ്പ് സ്ഥാപിച്ചതോടെ കുടുങ്ങിക്കിടക്കുന്നവരുമായി കൂടുതല്‍ ആശയവിനിമയത്തിനും ഇവര്‍ക്കുള്ള ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കാനുമാകും. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആര്‍ഡിഒ വികസിപ്പിച്ച രണ്ട് റോബോട്ടുകളെയും രക്ഷാദൗത്യത്തിന് എത്തിച്ചിട്ടുണ്ട്. കാമറ ഘടിപ്പിച്ച ചെറു റോബോട്ട് കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തത്സമയ ദൃശ്യങ്ങളും പരിശോധിക്കാനാണ് നീക്കം. അന്താരാഷ്ട്ര തുരങ്ക നിര്‍മ്മാണ വിദഗ്ധനായ ആര്‍ണോള്‍ഡ് ഡിക്സ് ഇന്നലെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം സാധ്യമായ എല്ലാ വഴികളിലും രക്ഷാപ്രവർത്തകർ ശ്രമം തുടരുമ്പോഴും തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ എപ്പോൾ രക്ഷിക്കാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. രണ്ടര ദിവസം മുതൽ അഞ്ചു ദിവസം വരെയെടുക്കുമെന്നാണ് അധികൃതരുടെ നിഗമനം. കഴിഞ്ഞ 12നാണ് സിൽക്യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞ് തൊഴിലാളികൾ ഉള്ളിലകപ്പെട്ടത്.
മലമുകളില്‍ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളില്‍ കടക്കാനാണ് ഇപ്പോള്‍ നീക്കം. ഇതിനുള്ള യന്ത്രസാമഗ്രികള്‍ മലമുകളിലെത്തിക്കാന്‍ റോഡ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, മുകളില്‍ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോള്‍ താഴെ തുരങ്കം ഇടിയാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്.
English Summary: Tunnel accident in Uttarakhand; Robots to the rescue
You may also like this video