Site iconSite icon Janayugom Online

തകര്‍ന്ന തുര്‍ക്കി തെരഞ്ഞെടുപ്പിനാെരുങ്ങുന്നു

തുര്‍ക്കിയില്‍ പാർലമെന്ററി, പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ മേയ് 14 ന് നടക്കും. തീയതി ഔദ്യോഗികമായ അംഗീകരിക്കുന്ന തീരുമാനത്തില്‍ പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ ഒപ്പിട്ടതോടെ സുപ്രീം ഇലക്ടറൽ കൗൺസിൽ ഇനി തെരഞ്ഞെടുപ്പ് കലണ്ടർ നിശ്ചയിക്കും. സ്ഥാനാർത്ഥികളാരും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടിയില്ലെങ്കിൽ മേയ് 28ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ജൂൺ 18ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഹജ്ജ് തീർത്ഥാടനം, സർവകലാശാല പ്രവേശന പരീക്ഷ, വേനലവധിക്കാലം ആരംഭിക്കൽ തുടങ്ങിയ കാരണങ്ങളാല്‍ നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2003 മുതലുള്ള ഭരണത്തിന്റെ തുടര്‍ച്ചയാണ് പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗന്റെ ലക്ഷ്യം. ഭൂകമ്പവും കോവിഡും സാമ്പത്തിക തകര്‍ച്ചയേയും തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കടുത്ത വെല്ലുവിളിയാകും വരുന്ന തെരഞ്ഞെടുപ്പില്‍ എര്‍ദോഗന്‍ നേരിടുക. ഭൂകമ്പ ദുരന്ത നിവാരണത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ നേതാവ് കെമാൽ കിലിക്ദാരോഗ്ലു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എര്‍ദോഗന്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും.

സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ഏറ്റവും ഒടുവിലുണ്ടായ ഭൂകമ്പവും എര്‍ദോഗനെതിരായ പ്രചരണത്തില്‍ കിലിക്ദാരോഗ്ലു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എര്‍ദോഗന്‍ അവതരിപ്പിച്ച പ്രസിഡന്റ് സമ്പ്രദായം നിര്‍ത്തലാക്കി തുർക്കിയിൽ പാർലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നാണ് നേഷന്‍ അലയൻസ് എന്നറിയപ്പെടുന്ന ആറ് കക്ഷികളുടെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനം. ഭൂകമ്പത്തിൽ തകർന്ന പ്രവിശ്യകളുടെ പുനർനിർമ്മാണത്തെ അടിസ്ഥാനമാക്കി പ്രചാരണം നടത്തുമെന്നാണ് എര്‍ദോഗന്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷത്തിനിടെ വീടുകളുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് എര്‍ദോഗന്റെ പ്രഖ്യാപനം. ഭൂകമ്പത്തിന്റെ പ്രാരംഭ ഘട്ടത്തിലെ സര്‍ക്കാര്‍ പ്രതികരണത്തില്‍ പോരായ്മകൾ സംഭവിച്ചതായി എര്‍ദോഗന്‍ അംഗീകരിച്ചിരുന്നു.

Eng­lish Summary;Turkey head to the polls
You may also like this video

Exit mobile version