വംശഹത്യ ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഐഡിഎഫ്(ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.അറസ്റ്റ് വാറന്റിൽ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു, എന്നാല്‍ പൂര്‍ണ്ണമായ പട്ടിക നല്‍കിയിട്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുര്‍ക്കി പറഞ്ഞു.
തുര്‍ക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെ കാണുന്നുവെന്ന് ഇസ്രയേല്‍ മറുപടി പ്രസ്താവനയില്‍ പറഞ്ഞു. സ്വേച്ഛാധിപതിയുടെ (തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍) ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇസ്രയേല്‍ ഈ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞു.
ഗാസ മുനമ്പില്‍ തുര്‍ക്കി നിര്‍മിക്കുകയും മാര്‍ച്ചില്‍ ഇസ്രയേല്‍ ബോംബിടുകയും ചെയ്ത ‘തുര്‍ക്കി-പലസ്തീന്‍ സൗഹൃദ ആശുപത്രിയെ’ കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, ഈ ആശുപത്രി ഉപയോഗിച്ചിരുന്നത് ഹമാസ് ആണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അന്ന് പറഞ്ഞിരുന്നു.
ഇസ്രയേലിന്റെ വലിയ വിമര്‍ശകനായ ഉര്‍ദുഗാന്‍ കാലങ്ങളായി ഹമാസിനെ പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷി ചേര്‍ന്നിരുന്നു.
2023 ഒക്ടോബര്‍ 7‑ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ യുദ്ധം രണ്ട് വര്‍ഷത്തിന് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

