Site iconSite icon Janayugom Online

ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വത്തില്‍ എതിര്‍പ്പറിയിച്ച് തുര്‍ക്കി

ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വത്തിനെതിരെ എതിര്‍പ്പറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടുവെന്നും എര്‍ദോഗന്‍ ആരോപിച്ചു. സ്വീഡിഷ്, ഫിന്നിഷ് പ്രതിനിധികൾ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലേക്ക് ചര്‍ച്ചയ്ക്കായി വരേണ്ടതില്ലെന്നും എർദോഗൻ പറഞ്ഞു.

തുര്‍ക്കി, യൂറോപ്യൻ യൂണിയൻ, യുഎസ് എന്നീ രാജ്യങ്ങള്‍ കരിമ്പട്ടികയിൽപെടുത്തിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ഉൾപ്പെടെയുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് അഭയം നൽകുന്നതായി ആരോപിച്ചാണ് സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും അംഗത്വം തടയുമെന്ന് തുർക്കി മുന്നറിയിപ്പ് നല്‍കിയത്. സ്വീഡനെ തീവ്രവാദ സംഘടനകളുടെ അഭയകേന്ദ്രമെന്നാണ് എര്‍ദോഗന്‍ വിശേഷിപ്പിച്ചത്.

2016 ലെ അട്ടിമറി ശ്രമത്തിനു ശേഷം, തീവ്രവാദ സംഘടനയായി തുര്‍ക്കി പരിഗണിക്കുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇരു രാജ്യങ്ങളും അഭയം നല്‍കുന്നുണ്ടെന്നാണ് ആരോപണം.

നാറ്റോ അംഗത്വത്തിനായുള്ള അപേക്ഷ 30 അംഗരാജ്യങ്ങളും ഏകകണ്ഠമായി അംഗീകരിക്കണം. നാറ്റോ നിയമപ്രകാരം സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യം എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പുറത്തുള്ള ഒരു രാജ്യത്തിനും സഖ്യത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. തുര്‍ക്കി എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും അപേക്ഷ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

എന്നാല്‍ സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചു. അതിനിടെ, നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാനുള്ള നിർദ്ദേശത്തിന് ഫിൻലൻഡ് പാർലമെന്റ് അംഗീകാരം നൽകി. 188 പേർ അനുകൂലിച്ചും എട്ട് പേർ എതിർത്തുമാണ് നിർദേശം പാസായത്.

Eng­lish summary;Turkey oppos­es NATO mem­ber­ship of Fin­land and Sweden

You may also like this video;

Exit mobile version