ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത. തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തു. ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വ്വീസ് നടത്തുക. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
തുര്‍ക്കിയും കേരളവും തമ്മില്‍ സമുദ്രമാര്‍ഗമുള്ള ദീര്‍ഘകാല ബന്ധം മുഖ്യമന്ത്രി അനുസ്മരിച്ചു. ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യമായ ഭാഗമായിരുന്നു. കേരളീയനായ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണന്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു. ഈ നിലക്കെല്ലാം തുര്‍ക്കിയുമായി അടുത്ത ബന്ധം കേരളത്തിനുണ്ടായിരുന്നെന്നും വരും കാലങ്ങളില്‍ കൂടുതല്‍ സഹകരണം ഊട്ടിയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Turkey praised Kerala’s achievements in the tourism sector; Possibility of cooperation in various fields
You may also like this video