Site iconSite icon Janayugom Online

തുർക്ക്മാൻ ഗേറ്റ് സംഘർഷം: 12 പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി

തുർക്ക്മാൻ ഗേറ്റ് സംഘർഷവുമായി ബന്ധപ്പെട്ട് കേസിൽ അറസ്റ്റിലായ 12 പ്രതികൾക്കും ഡൽഹി കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന തെളിവുകൾ നിലവിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ഭൂപീന്ദർ സിംഗ് ജാമ്യം നൽകിയത്. മുഹമ്മദ് കാഷിഫ്, മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ള 12 പേർക്കാണ് 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിച്ചത്.

ഡ്രോൺ ദൃശ്യങ്ങളും വീഡിയോ റെക്കോർഡിംഗുകളും ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, പ്രതികൾ കല്ലേറിലോ അക്രമത്തിലോ സജീവമായി പങ്കെടുത്തുവെന്ന് തെളിയിക്കുന്ന വ്യക്തമായ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല. ഗൗരവകരമായ വകുപ്പുകൾ ചുമത്തി എന്നതുകൊണ്ട് മാത്രം ഒരാൾക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണയ്ക്ക് മുൻപുള്ള തടങ്കൽ ഒരു ശിക്ഷയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. സമാനമായ ആരോപണങ്ങൾ നേരിട്ട മറ്റൊരു പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ജനുവരി 6–7 തീയതികളിൽ രാംലീല മൈതാനത്തിന് സമീപമുള്ള പള്ളി പൊളിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തയെത്തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നൂറിലധികം വരുന്ന സംഘം പോലീസിനും നഗരസഭാ ഉദ്യോഗസ്ഥർക്കും നേരെ കല്ലും കുപ്പികളും എറിയുകയും ഒരു എസ് എച്ച് ഒ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Exit mobile version