Site iconSite icon Janayugom Online

മണ്ണിലെ പൊന്നിൽ മനസ്സുറപ്പിച്ച് മാവു വളപ്പിൽ മാധവൻ

കാട്ടുപന്നിയുടെ ശല്യം കാരണം വർഷങ്ങളായി തരിശായി കിടന്ന അമ്പത് സെന്റ് സ്ഥലത്ത് മഞ്ഞൾ കൃഷിയിലൂടെ അതിജീവനം സാധ്യമാക്കുകയാണ് മാവുവളപ്പിൽ മാധവൻ. എളേരിത്തട്ടിലെ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടേയും മക്കളിൽ രണ്ട് പേരേ മാത്രമേ കൂടുതൽ പേർക്ക് പരിചയമുണ്ടാകൂ. അവർ രണ്ട് പേരും ഹൊസ്ദുർഗ് നിയോജക മണ്ഡലത്തിലെ എം എൽ എ മാരായിരുന്നു. എം കുമാരനും, എം നാരായണനും. ഇവരുടെ സഹോദരൻ സി പി ഐ ബങ്കളം ബ്രാഞ്ച് സെക്രട്ടറി, മാവു വളപ്പിൽ മാധവൻ മണ്ണിനെ അറിയുന്ന കർഷകൻ കൂടിയാണ്. സിപിസിആർ ഐ യിൽ നിന്നും സീനിയർ ടെക്നിക്കൽ അസിസ്റ്റൻറായി വിരമിച്ച ഇദ്ദേഹം മഞ്ഞൾ കൃഷിയിൽ അതിജീവനം തീർക്കുകയാണ്. എരിക്കുളം കുരങ്ങനാടിയിൽ സ്വന്തമായുള്ള 50 സെന്റ് പാറപ്പുറം ഒരു കാലത്ത് കാട്ട് പന്നികളുടെ വിഹാര കേന്ദ്രമായിരുന്നു. വർഷങ്ങളുടെ ശ്രമ ഫലമായി പാറ പൊടിഞ്ഞ് മണ്ണായെങ്കിലും ഇവിടെ നട്ടിരുന്ന കപ്പയും, ചേനയും , കാച്ചിലുമെല്ലാം കാട്ടുപന്നികൾക്ക് സ്വന്തം.  ഇതിനിടയിലാണ് സുഹൃത്തുക്കളിൽ ആരോ തന്ന മഞ്ഞൾ പറമ്പിൽ നട്ടത്. ആ വർഷം നല്ല വിളവ് ലഭിച്ചു. പിന്നീട് കൃഷി കുറച്ചു കൂടി വിപുലപ്പെടുത്തി. ചാണകപ്പൊടിയും, വെണ്ണീരും, പച്ചില വളവും മാത്രമാണ് അടിവളം. പന്നികൾ മഞ്ഞൾ കൃഷി നശിപ്പിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഇത് സ്ഥിരമായി . തുടർച്ചയായി അഞ്ചാം വർഷത്തിലും കൃഷിയിറക്കി. സ്വന്തമായുള്ള 50 സെന്റില്‍ മഞ്ഞൾ തഴച്ച് വളർന്ന് നിൽക്കുന്നത് കാണുമ്പോൾ മാധവന്റെ മനസ്സിൽ ഒരു കുളിർമ്മ. ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് സുവർണ്ണ സുഗന്ധവ്യഞ്ജനമായ മഞ്ഞൾ. സഹസ്രാബ്ദങ്ങളായി ഉപയോഗിച്ചു വരുന്ന മഞ്ഞൾ ഒരു ഒറ്റമൂലി കൂടിയാണ്. ഈ സുഗന്ധവ്യഞ്ജനത്തിന്റെ കടുപ്പത്തിലുള്ള മഞ്ഞ നിറവും ഔഷധ ഗുണങ്ങളും അതിലെ കുർക്കുമിനോയിഡ് സംയുക്തങ്ങൾ, പ്രത്യേകിച്ച് കുർക്കുമിൻ മൂലമാണ് ലഭിച്ചിരിക്കുന്നത്. പണ്ടുകാലം മുതൽക്കേ മഞ്ഞൾ നമ്മുടെ അടുക്കളയിൽ ഒരു അവിഭാജ്യ ഘടകമാണ്.  മുറിവുകൾ ഭേദമാക്കുന്നതും നവവധുവിന്റെ മുഖത്ത് തിളക്കം നൽകുന്നതു മുതൽ നല്ല ഉറക്കം ലഭിക്കുന്നത് വരെ മഞ്ഞളിന് അനേകം ഗുണങ്ങളുണ്ട്. സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്ത് മഴയ്ക്ക് മുമ്പേ മെയ് മാസത്തിലാണ് മഞ്ഞള്‍ നട്ടത്
അഞ്ച് അടി നീളവും മൂന്ന് അടി വീതിയും നിരപ്പില്‍ നിന്ന് ഒരടി ഉയരവുമായി തടമുണ്ടാക്കിയാണ് കൃഷി. കളപറിക്കല്‍ ‚വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുത്തിരുന്നു. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകിയാണ് കൃഷി. 8–10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങുമെന്നും മാധവൻ പറയുന്നു. പാരമ്പര്യമായി ലഭിച്ച നാട്ടറിവ് ഈ കർഷകന് മുതൽകൂട്ടായി .മഞ്ഞൾ കൂടാതെ സി പി സി ആർ ഐ യിൽ നിന്നും വികസിപ്പിച്ചെടുത്ത അഞ്ച് വർഷത്തിൽ കായ്ക്കുന്ന തെങ്ങിൻ തൈകളും ഈ കർഷകൻ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വാഴയും ഇടവിളകൃഷിയായി ഉണ്ട്. കുടുംബാംഗ ങ്ങളും നല്ല പ്രോത്സാഹനം നൽകുന്നുണ്ട്.

Exit mobile version