ആലപ്പുഴ നഗരത്തിലെ സെന്റ് ജോര്‍ജ്ജ് സ്ട്രീറ്റിന് സമീപമുള്ള തോടിന്റെ ഒരു ഭാഗത്തായി വന്‍ ജനകൂട്ടമുണ്ടായിരുന്നു. കേട്ടവര്‍ കേട്ടവര്‍ ഓടികൂടി. ടി വി തോമസ്സിനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു. സര്‍ സിപി യുടെ പട്ടാളത്തിന്റെ ക്രൂരത കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പന്ത്രണ്ടോളം വാഹനങ്ങളിലെത്തിയ പട്ടാളക്കാരാണ് രാവിലെ വീട് വളഞ്ഞത്. അകത്ത് സ്ത്രീകളുടേയും കുട്ടികളുടേയും കുട്ടകരച്ചില്‍ ഉയര്‍ന്നു. അക്ഷോഭ്യനായി ടി വി ഇറങ്ങി വന്നു. പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വരാം. പട്ടാളക്കാര്‍ സമ്മതം മൂളി. കുറച്ച് കഴിഞ്ഞ് തല ഉയര്‍ത്തി നട്ടെല്ല് നിവര്‍ത്തി പതറാതെ ടി വി ഇറങ്ങി വരുന്നു. നൂറു കണക്കിന് പട്ടാളക്കാരുടെ അകമ്പടിയോടെ നടന്ന് വരുന്ന ടി വിയെ ശ്വാസമടക്കി കൊണ്ട് ജനകൂട്ടം നോക്കി നിന്നു. വീട്ട് സാധനങ്ങള്‍ പട്ടാളക്കാര്‍ തല്ലിതകര്‍ത്തു. 12 പശുക്കളേയും എരുമകളേയും മുനിസിപ്പാലിറ്റി വക സ്ഥലത്താക്കി. ഭക്ഷണം കിട്ടാതെ അവ ചത്തൊടുങ്ങി. കുടുംബാംഗങ്ങള്‍ വേറെ താമസസ്ഥലം തിരക്കിയിറങ്ങി. ടി വി പതറിയില്ല, തല ചായ്ക്കാന്‍ ഒരിടം സ്വന്തമായി ഇല്ലാത്ത പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു.
ആലപ്പുഴ തൈപ്പറമ്പുവീട്ടില്‍ ടി സി വര്‍ഗീസിന്റെയും പുറക്കാട് കദളിപ്പറമ്പില്‍ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2‑ന് ജനിച്ചു. 1977 മാര്‍ച്ച് 26‑ന് നിര്യാതനായി. 1952- ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. 1954- ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952–54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957‑ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി വി തോമസ് ആലപ്പുഴയില്‍ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം തൊഴില്‍ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1967 ലെ തെരഞ്ഞടുപ്പില്‍ വിജയിച്ച് വ്യവസായ വകുപ്പ് മന്ത്രിയായി. 1972–77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായിരുന്നു.
വാളയാര്‍ സിമന്റ്‌സ്, കൊല്ലത്തെ ടൈറ്റാനിയം കോംപ്ലക്‌സ്, കേരള ടെക്‌സ്റ്റെയില്‍ കോര്‍പ്പറേഷനും തുണിമില്ലുകളും, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, ഗ്ലാസ്സസ്, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ്, ഫോം മാറ്റിങ്‌സ് ഇന്ത്യ, ഓട്ടോ കാസ്റ്റ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ബാംബു കോര്‍പ്പറേഷന്‍, കശുവണ്ടി കോര്‍പ്പറേഷന്‍, ടെല്‍ക്ക് ഇവയെല്ലാമായിരുന്നു ടി വി യുടെ വീടുകള്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബീഡിത്തൊഴിലാളികള്‍ അനാഥരും തൊഴില്‍ഹരിതരുമായ സാഹചര്യമുണ്ടായപ്പോള്‍ അതിനെ ധീരമായി നേരിട്ട ടിവിയെ എങ്ങനെ തൊഴിലാളികള്‍ മറക്കും. ദിനേശ് ബീഡി സഹകരണ പ്രസ്ഥാനത്തിന് കൂടി രൂപംകൊടുക്കാന്‍ കഴിഞ്ഞത് ടിവിയെന്ന ഭരണാധികാരിയുടെ കഴിവിനോടൊപ്പം, ആത്മാര്‍ഥത നിറഞ്ഞ ഒരു തൊഴിലാളി നേതാവിന്റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമായിട്ടാണ്.
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ കുറിച്ച് ഇന്ന് നാം ചര്‍ച്ച ചെയ്യുമ്പോള്‍ നാളെയുടെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെല്‍ട്രോണിന് അദ്ദേഹം രൂപം നല്‍കിയെന്ന വസ്തുത അത്ഭുതമായി നിലനില്‍ക്കുന്നു. 1973 ല്‍ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ആര്‍ക്കും വളരെ കൂടുതല്‍ അറിവ് ഉണ്ടായിരുന്നില്ല. അന്നാണ് വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ്സ് കെല്‍ട്രോണ്‍ എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. കുറഞ്ഞ ചെലവില്‍ ടെലിവിഷന്‍ നിര്‍മ്മാണം മാത്രമല്ല ഐഎസ്ആര്‍ഒ പ്രതിരോധ വകുപ്പ് എന്നിവയ്ക്കുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് വരെ കെല്‍ട്രോണ്‍ കടന്ന് കയറി. ഇലക്ടോണിക് ഉല്‍പ്പന്നങ്ങളുടെ രാജാവായ ജപ്പാന്‍ പോലും കെല്‍ട്രോണിന് മുന്നില്‍ മുട്ടുമടക്കിയ ചരിത്രവുമുണ്ട്. ഒരു കാലത്ത് ഏഷ്യയിലെ നമ്പര്‍ വണ്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനിയും കെല്‍ട്രോണായിരുന്നു. മാറി മാറി വന്ന ഭരണാധികാരികള്‍ ടി വി തോമസ്സിന്റെ കാഴ്ച്ചപ്പാട് പിന്തുടര്‍ന്നിരുന്നെങ്കില്‍ കെല്‍ട്രോണിന് കുതിച്ച് കയറ്റമുണ്ടാകുമായിരുന്നു. അത് വഴി കേരളവും ഈ രംഗത്ത് നമ്പര്‍ വണ്‍ ആയേനേ. ജര്‍മ്മനിയും ജപ്പാനുമായി ഈ രംഗത്ത് മത്സരിച്ച് മുന്നേറിയതാണ് കെല്‍ട്രോണും കൊച്ചു കേരളവുമെന്നോര്‍ക്കുമ്പോള്‍ ടി വി തോമസ്സിന്റെ സ്മരണയ്ക്ക് പ്രസക്തിയേറുന്നു. സാങ്കേതിക വിദ്യയും മൂലധനവും തേടി ജപ്പാന്‍ യാത്ര നടത്തിയപ്പോള്‍ അതിന്റെ പേരില്‍ കേരളത്തില്‍ വിവാദമുണ്ടായതോര്‍ത്തല്‍ ഇന്നത്തെ തലമുറ ചിരിക്കും.
കയര്‍ തൊഴിലാളികളുടെ ജീവിതത്തിന്റെ കണ്ണുനീരും വേദനകളും അനുഭവിച്ചറിഞ്ഞ മഹാനായ തൊഴിലാളി നേതാവ് തൊഴില്‍ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം കിട്ടുമ്പോള്‍ തീര്‍ച്ചയായും മറ്റൊന്നുമല്ലല്ലോ പ്രതീക്ഷിക്കേണ്ടത്. കയര്‍ വ്യവസായ പുനരുദ്ധാരണത്തിനായി സഖാവ് ആവിഷ്‌കരിച്ച 50 കോടി രൂപയുടെ നിക്ഷേപമുള്ള ബൃഹത് പദ്ധതി ടി വി പദ്ധതി എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ നേതാവായി ടി വി ഉയര്‍ന്നുവന്ന നാളുകളിലാണ്. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ കേരളത്തിലെ തൊഴിലാളി സമരചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടത്.
(ടി ജെ ആഞ്ചലോസ് — സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി)
English summary; TV Thomas: the hero of the Punnapra Vayalar uprising