Site iconSite icon Janayugom Online

സേലത്തെ ടിവികെ സമ്മേളനം: കർശന നിയന്ത്രണങ്ങളുമായി പൊലീസ്; പ്രവേശനം ക്യുആർ കോഡ് വഴി മാത്രം

നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ സേലത്തെ സമ്മേളനത്തിന് തമിഴ്‌നാട് പൊലീസ് അനുമതി നൽകി. എന്നാൽ, പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കർശന നിയന്ത്രണവും ക്യുആർ കോഡ് അധിഷ്ഠിത എൻട്രി പാസുകളും പൊലീസ് നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ കരൂരിൽ നടന്ന സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ. ഫെബ്രുവരി 13 വെള്ളിയാഴ്ച സേലം സീലനായിക്കൻപട്ടിയിലെ കെവിപി ഗാർഡനിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് സമ്മേളനം നടക്കുന്നത്. ക്യുആർ കോഡ് പാസുകളുള്ള 4,998 പേർക്ക് മാത്രമാണ് സമ്മേളന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക. കഴിഞ്ഞ ഡിസംബറിൽ പുതുച്ചേരിയിൽ നടന്ന ടിവികെ റാലിക്കും സമാനമായ രീതിയിൽ 5,000 പേർക്ക് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്.

സുരക്ഷാ കാരണങ്ങളാൽ ഗർഭിണികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ സമ്മേളനത്തിന് വരുന്നത് ഒഴിവാക്കണമെന്ന് സേലം പൊലീസും സംഘാടകരും അഭ്യർത്ഥിച്ചു. എൻട്രി പാസ് ലഭിക്കാത്ത പ്രവർത്തകരും പൊതുജനങ്ങളും സമ്മേളന സ്ഥലത്തേക്ക് നേരിട്ട് വരുന്നത് ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വവും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വേദിയിൽ 51 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരിട്ട് എത്താൻ കഴിയാത്തവർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Exit mobile version