Site iconSite icon Janayugom Online

‘മരണത്തിന് ഉത്തരവാദി ടിവികെ; എഫ്ഐആറിൽ വിജയ്‌യുടെ പേരില്ലാത്തതു രാഷ്ട്രീയ കാരണങ്ങളാൽ’: കോടതിയിൽ ഹർജി

കരൂരിൽ ടിവികെ പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ പാർട്ടി അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങളാലാണ് വിജയ്​യുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. പി.എച്ച്.ദിനേശ് എന്നയാളാണ് ഹർജി നൽകിയത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ടിവികെയ്​ക്ക് ആണെന്ന് ഹർജിയിൽ പറയുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കരൂരിൽ എത്തുമെന്ന് അറിയിച്ച വിജയ് രാത്രി ഏഴുമണിയോടെയാണ് എത്തിയത്. ഏഴു മണിക്കൂറോളം ജനങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഏറെ നേരത്തെ കാത്തിരിപ്പും കുടിവെള്ള സൗകര്യം ഒരുക്കാത്തതും ബാരിക്കേഡുകൾ സ്ഥാപിക്കാത്തതുമാണ് ദുരന്തത്തിലേക്കു നയിച്ചത്. വിജയ് കാരവനിൽ നിന്ന് എറിഞ്ഞുകൊടുത്ത വെള്ളക്കുപ്പികൾക്കായി ജനങ്ങൾ തിരക്കുകൂട്ടിയതും അപകടകാരണമായെന്ന് ഹർജിയിൽ പറയുന്നു. കരൂർ ദുരന്തത്തിൽ ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ദുരന്തം ആസൂത്രിത അട്ടിമറിയെന്നാണ് ടിവികെ ആരോപിക്കുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് നൽകിയ ഹർജിയും ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Exit mobile version