Site iconSite icon Janayugom Online

കരൂർ ദുരന്തത്തിൽ ഗൂഢാലോചനയെന്ന് ടിവികെ; മദ്രാസ് ഹൈക്കോടതിയെ സമീപിക്കും, സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യം

കരൂർ ദുരന്തത്തിൽ ഗൂഢാലോചന ആരോപിച്ച് ടി.വി.കെ. ഹൈകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര്യാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിനെ സമീപിക്കുമെന്നും ടി.വി.കെ അറിയിച്ചു. തിരക്കിൽപ്പെട്ട് ആളുകൾ മരിക്കുന്നതിന് മുമ്പ് കല്ലേറുണ്ടായെന്നും പൊലീസ് വേദിക്ക് സമീപം ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ടി.വി.കെയുടെ ആരോപണം.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം വിജയ് പ്രഖ്യാപിച്ചിരുന്നു. നികത്താനാവാത്ത നഷ്ടമാണ് നമുക്കുണ്ടായത്. പ്രിയപ്പെട്ടവരുടെ വിയോഗം ഒരിക്കലും താങ്ങാവുന്നതല്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. വലിയ ദുരന്തത്തെ നേരിടുന്ന നിങ്ങൾക്ക് ഇത് ഒന്നുമാവില്ലെന്ന് അറിയാം. എങ്കിലും കുടുംബാംഗമെന്ന നിലയിൽ ഇപ്പോൾ നിങ്ങളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണെന്നും വിജയ് പറഞ്ഞു.

കരൂർ ദുരന്തം വിലയിരുത്താൻ വിജയ് പാർട്ടി ഭാരവാഹികളുടെ വിഡിയോ കോൺഫറൻസ് വിളിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഗവർണർ ആർ.എൻ രവി സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

നേരത്തെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. കരൂരിലെത്തിയ സ്റ്റാലിൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നടത്തുന്ന റാലിയിൽ തിക്കിലും തിരക്കിലും ആറ് കുട്ടികളടക്കം 39 പേർക്കാണ് ജീവൻ നഷ്ടമായത്.

Exit mobile version