ട്വന്റി20 ലോകകപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ദുര്‍ബലരായ നമീബിയക്കെതിരെ ഒമ്പതുവിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്ണെടുത്തു. മുതിര്‍ന്ന താരം ഡേവിഡ് വീസെയും (26) ഓപ്പണര്‍ സ്റ്റീഫന്‍ ബാര്‍ഡുമാണ് (21) നമീബിയയുടെ പ്രധാന സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങില്‍ അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും കെ എല്‍ രാഹുലിന്റെയും മികവില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
56 റണ്‍സെടുത്ത രോഹിതിനെ യാന്‍ ഫ്രിലിന്‍കിന്റെ പന്തില്‍ സാക് ഗ്രീന്‍ പിടികൂടുകയായിരുന്നു. 37 പന്തില്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതമാണ് രോഹിതിന്റെ അര്‍ധസെഞ്ചുറി. രാഹുല്‍ 36 പന്തില്‍ നിന്നും 54 റണ്‍സുമായി പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്നും പുറത്താകാതെ 25 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും വിജയത്തില്‍ പങ്കാളിയായി. ടോസ് നേടിയ ഇന്ത്യ നമീബിയയെ ആദ്യം ബാറ്റിംഗിന് അയച്ചു. സ്കോര്‍ 33ല്‍ എത്തിയപ്പോള്‍ തന്നെ നമീബിയയുടെ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിംഗാന്‍ ബുമ്രയുടെ പന്തില്‍ മുഹമ്മദ് ഷമി ക്യാച്ചെടുത്ത് പുറത്തായി.
ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ നമീബിയയ്ക്ക് രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. ക്രെയ്ഗ് വില്യംസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ നമീബിയക്ക് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം എടുത്ത സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് നമീബിയയുടെ നടുവ് ഒടിച്ചത്. ബുമ്ര രണ്ട് വിക്കറ്റുകള്‍ നേടി.
മൈക്കല്‍ വാന്‍ ലിന്‍ഗന്‍ (14), യാന്‍ ഫ്രിലിന്‍ക് (15*), റുബെന്‍ ട്രെംപെല്‍മാന്‍ (13*), ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് (12) എന്നിവരാണ് നമീബിയക്കായി രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
ENGLISH SUMMARY:Twenty20 World Cup; India defeats Namibia
You may also like this video