Site icon Janayugom Online

ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം ഇല്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ഇലോണ്‍ മസ്ക്

ട്വിറ്റര്‍ പാപ്പരത്തത്തിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചതാണ് പ്രതിസന്ധിക്ക് പിന്നിലെന്നും മസ്ക് അറിയിച്ചു. കടക്കെണി ഒഴിവാക്കാനാകില്ലെന്ന് ജീവനക്കാരെ അറിയിച്ച മസ്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇനി ഉണ്ടാകില്ലെന്ന് അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെല്‍ റോത്ത്, റോബിന്‍ വീലര്‍, ചീഫ് സെക്യൂരിറ്റി ഓഫീസറായ ലിയ കിസ്‍നര്‍, ചീഫ് പ്രെെവസി ഓഫീസര്‍ ഡാമിയന്‍ കിയേരന്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ മരിയാനെ ഫൊഗാര്‍ട്ടി എന്നിവരും രാജിവച്ചിരുന്നു. ഉദ്യോഗസ്ഥരുടെ രാജി ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ അറിയിച്ചു. 

ട്വിറ്ററിന്റെ തലപ്പത്തേക്ക് മസ്ക് എത്തി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള കമ്പനിയുടെ വീഴ്ച. ഏറ്റെടുക്കലിനു പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ അടുത്ത വര്‍ഷത്തേക്ക് കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മസ്ക് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യ ദാതാക്കളുടെ പിന്‍വാങ്ങല്‍ കമ്പനിക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു. 

അതേസമയം, ട്വിറ്ററിലെ പെയ്ഡ് വെരിഫിക്കേഷന്‍ സമ്പ്രദായം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ 719 രൂപയാണ് വേരിഫിക്കേഷന്‍ ചിഹ്നത്തിനായി നൽകേണ്ടത്. ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വേരിഫിക്കേഷൻ ചിഹ്നം നൽകുന്ന ട്വിറ്റർ ബ്ലൂ സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ഇ‑മെയിൽ സന്ദേശം ലഭിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്റർ ബ്ലൂ സര്‍വീസ് സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വെരിഫിക്കേഷൻ ഇല്ലാതെ തന്നെ നീല ചിഹ്നം ലഭിക്കും. 

Eng­lish Summary:Twitter employ­ees no longer work from home
You may also like this video

Exit mobile version