Site iconSite icon Janayugom Online

വര്‍ഷത്തില്‍ രണ്ട് പരീക്ഷ: സിബിഎസ്ഇ ആശയക്കുഴപ്പത്തില്‍

വാര്‍ഷിക പരീക്ഷ രണ്ട് ഘട്ടമായി നടത്താനുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) തീരുമാനം പുലിവാലാകുന്നു. 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയാണ് രണ്ട് തവണ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്. എന്നാല്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശം, മറ്റ് ക്രമീകരണം എന്നിവയില്‍ സമവായം കണ്ടെത്താന്‍ സാധിക്കാതെ പാതിവഴിയില്‍ നില്‍ക്കുന്നു. പുതുക്കിയ ദേശീയ പാഠ്യപദ്ധതി പ്രകാരമാണ് വര്‍ഷത്തില്‍ രണ്ട് പരീക്ഷ എന്ന് അധികൃതര്‍ തീരുമാനിച്ചത്. ജനുവരി- ഫെബ്രുവരി, മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് സിബിഎസ്ഇ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ സമ്പ്രദായമനുസരിച്ച് 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏതുരീതിയില്‍ നടത്തണമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 

വാര്‍ഷിക പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ 150 ഓളം നടപടിക്രമങ്ങള്‍ ആവശ്യമാണെന്ന് സിബിഎസ്ഇ അധികൃതര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രവേശനം, പരീക്ഷാ കേന്ദ്രം, റോള്‍ നമ്പര്‍ വിതരണം, പ്രാക്ടിക്കല്‍-തീയറി പരീക്ഷകള്‍, ഫലപ്രഖ്യാപനം, പരിശോധന‑പുനഃപരിശോധന എന്നിവയ്ക്ക് അധികമായി 55 ദിനങ്ങള്‍ കൂടി വേണ്ടിവരും. ഇതിന്റെ ഭാഗമായി മൂന്നു രീതിയില്‍ പരീക്ഷ നടത്തുന്ന വിഷയവും ആലോചിച്ചുവരികയാണ്. 

സെമസ്റ്റര്‍ സമ്പ്രദായത്തിലുള്ള ആദ്യ പരീക്ഷ ജനുവരി- ഫെബ്രുവരി, രണ്ടാം ഘട്ടം മാര്‍ച്ച്-ഏപ്രില്‍, സപ്ലിമെന്ററി പരീക്ഷ എന്നിങ്ങനെ നടത്തുന്ന രീതി ആലോചനയിലാണ്. മൂന്നു രീതിയില്‍ പരീക്ഷ നടത്തുന്ന അക്കാദമിക് കലണ്ടറാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മത്സരപ്പരീക്ഷകളുടെ ക്രമീകരണം, ഭൂമിശാസ്ത്രപരമായ വൈജാത്യം, വിദേശത്തുള്ള വിദ്യാര്‍ത്ഥികളുടെ സൗകര്യം എന്നിവ പരിഗണിച്ചാവും വിഷയത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ നടത്തുകയെന്നത് ബോര്‍ഡിന് കടുത്ത വെല്ലുവിളിയാണ്. സ്വദേശത്തും വിദേശത്തുമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷാസംവിധാനത്തില്‍ മാറ്റം വരുത്താനുള്ള മോഡി സര്‍ക്കാരിന്റെ വികലമായ തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തിനാകെ ദോഷം വരുത്തുമെന്ന ആശങ്ക പല കോണുകളില്‍ നിന്നും ഉയര്‍ന്ന് കഴിഞ്ഞു. 

Eng­lish Sum­ma­ry: Two exams in a year: CBSE in confusion
You may also like this video

Exit mobile version