ഇല പോൽ ഒഴുകുകയാണ്
തടാകത്തിൽ തോണിയാകുന്നു
മഴയിൽ പച്ചില
തീരമേതുമരികിലില്ല
ജലം കുതിർത്ത ശരീരം
ചൂടു തേടാതെ
ഉൾച്ചൂടു കൊണ്ട് വേകുന്നു
കണ്ണുകളിൽ
കാഴ്ച കെടുത്തും
ഉപ്പുവെള്ളം
കാതുകളിൽ ഓളമേകും
കൊതുമ്പുതാളം
ഇലയുടെ നെഞ്ചിൽ
ഉറുമ്പുകൾ യാത്രയായ്
വഴിയിലവ
ഒന്നും പറയാതിറങ്ങി
മറകയായ്
ഏതു തുരുത്തിൻ
അരികിലാണ്
മെതിയടിയുടെ സ്വരം
കനത്തു വന്നത്
ഇലയിലേക്കൊരു കിളി
പിടഞ്ഞു വീഴുന്നു
ഇരുട്ടിൽ ചിരി മുഴങ്ങുന്നു
ചീവീടുകൾ
ഇടയ്ക്കെപ്പൊഴോ
പാട്ടു പാടുന്നു
തവളകൾ
താളം പിടിക്കുന്നു
ഇരുളിലാണിപ്പോൾ!
മുളംകാട്
കാറ്റു പാട്ടിൽ
നൃത്തം ചെയ്യുന്നു
ഒഴുകുകയാണ്
നിലാവകന്ന രാവിലൂടെ
ഇലയുടെ നെഞ്ചിൽ കാതു ചേർത്ത്,
എവിടെയാണ്
അടിയുവാനുള്ളോരു കടവ്
അവിടെയുണ്ടാകുമോ
ചേർത്തണയ്ക്കുവാൻ
രണ്ടു കണ്ണുകൾ?