ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ രണ്ട് ബിയര്‍ സൗജന്യമായി നല്‍കിയ കടയുടമയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബദോഹിയിലെ രാജേഷ് മൗര്യ എന്ന കടയുടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനാവശ്യമായി ആള്‍ക്കൂട്ടമുണ്ടാക്കിയതിനും പൊതുസമാധാനം തകര്‍ത്തതിനുമാണ് അറസ്റ്റ്. ഉത്തര്‍ പ്രദേശിലെ കോട്ട്‌വാലിയിലാണ് സംഭവം. തന്റെ കച്ചവടം കൂട്ടാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ എന്ന ഓഫര്‍ നല്‍കിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ ആയിരുന്നു ഓഫര്‍. പോസ്റ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലൂടെയുമായിരുന്നു ഓഫര്‍ പ്രഖ്യാപിച്ചത്. ഇതോടെ കോട്ട്‌വാലിയിലെ ചൗരി റോഡിലുള്ള മൊബൈല്‍ ഷോപ്പിലേക്ക് ആളുകള്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അജയ് കുമാര്‍ സേഠ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എസ് പി അനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു രാജേഷ് മൗര്യയെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ കട പൂട്ടി സീല്‍ ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
English Summary: Two free beers with smartphone purchase; The shopkeeper was arrested
You may also like this video

