Site iconSite icon Janayugom Online

ഏഴുമാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് രണ്ട് ലക്ഷം പേര്‍ക്ക്

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ആറു വർഷത്തിനിടെ 10 ലക്ഷത്തിലധികം പേർക്കാണ് നായ കടിയേറ്റത്. ഇതിൽ രണ്ട് ലക്ഷത്തോളം പേർക്ക് ഏഴ് മാസത്തിനിടെയാണ് കടിയേറ്റത്. 20 പേർ മരണപ്പെട്ടു. കഴിഞ്ഞ ആറ് വർഷത്തിനിടെ പേവിഷ പ്രതിരോധമരുന്നിന്റെ ഉപയോഗം 109 ശതമാനം ഉയർന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. വന്ധ്യകരണം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ പാളിയതാണ് തെരുവുനായകളുടെ എണ്ണം ക്രമാതീതമാക്കിയത്. ജൂലൈയിൽ മാത്രം 38,666 പേർക്കാണ് നായകടിയേറ്റത്.

പേവിഷ ബാധമൂലമുള്ള മരണത്തിന്റെ 36 ശതമാനവും ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എല്ലാവർഷവും 18,000 മുതൽ 20, 000 പേർ മരിക്കുന്നു. ഇതിൽ 30 മുതൽ 60 ശതമാനംവരെ 15 വയസ്സിൽ താഴെയുള്ളവരാണെന്നും ഡബ്ല്യുഎച്ച്ഒ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.

ലോകത്ത് എല്ലാവർഷവും അരലക്ഷത്തിലേറെ പേരാണ് പേവിഷബാധയേറ്റ് മരിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതൽ മരണം. ഇന്ത്യയിലെ കൃത്യം കണക്ക് ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുട്ടികളെ ബാധിക്കുന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെയും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്നതിനാലാണിത്. 99 ശതമാനം പേവിഷബാധയുമേൽക്കുന്നത് നായകളിൽനിന്നാണ്. ചികിത്സയെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. കൃത്യമായ ചികിത്സയും പരിരക്ഷയുമുണ്ടെങ്കിൽ പേവിഷബാധ പൂർണമായി തടയാം. നായകൾക്കുള്ള വാക്സിനേഷനാണ് പ്രധാന പ്രതിരോധമാർഗമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

Eng­lish Sum­ma­ry: Two lakh peo­ple were bit­ten by stray dogs in sev­en months
You may also like this video

Exit mobile version