Site icon Janayugom Online

സെെന്യത്തിൽ രണ്ട് ലക്ഷം തസ്തിക കുറയ്ക്കുന്നു

അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സെെനിക ശക്തിയില്‍ രണ്ട് ലക്ഷം പേരെ കുറയ്ക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു. നിലവിലെ 12.8 ലക്ഷം സെെനികരെ 10. 8 ലക്ഷമായി കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധ, സുരക്ഷാ വകുപ്പ് വൃത്തങ്ങൾ പറഞ്ഞതായി ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ശക്തിയുടെ പരിഷ്കരണം തുടർപ്രക്രിയയാണെന്നും ഒന്നിലധികം വശങ്ങൾ പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെന്റ് നടക്കാത്തതിനാൽ കരസേനയിൽ ഇതിനകം 1.35 ലക്ഷം സൈനികരുടെ കുറവുണ്ട്. ശരാശരി 60,000 പേരാണ് ഓരോ വർഷവും സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്.

അഗ്നിപഥ് പദ്ധതി പ്രകാരം ഈ കുറവിന്റെ ഒരു ഭാഗം മാത്രമേ നികത്താനാകൂ. ഈ വർഷം 35,000 മുതൽ 40,000 പേരെയാണ് അഗ്നിപഥ് വഴി നിയമിക്കാനാവുക. എൻസിസി പോലുള്ള സംഘടനകളിലേക്കുള്ള ഡെപ്യൂട്ടേഷനും ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് സെെനിക വൃത്തങ്ങൾ അറിയിച്ചു. ഡെപ്യൂട്ടേഷൻ കുറയ്ക്കുന്ന മറ്റൊരു മേഖല റെജിമെന്റൽ ആസ്ഥാനമാണ്. മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ രൂപീകരിച്ച ഷെകാത്കർ കമ്മിറ്റി, സായുധ സേനയെ കൂടുതൽ കെട്ടുറപ്പുള്ളതും ആധുനികവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി 2016 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളനുസരിച്ച് ഒരേസമയം 40,000 സൈനിക‍ർക്ക് പരിശീലനം നൽകാനാകും.
ജനറൽ ഡ്യൂട്ടിയിൽ ഉൾപ്പെടുന്ന സൈനികർക്ക് 34 ആഴ്ചയാണ് പരിശീലന കാലയളവ്. ട്രേഡ്സ്‍മെൻ വിഭാഗത്തിന് ഇത് 19 ആഴ്ചയാണ്. വൈകാതെ റിക്രൂട്ട്മെന്റ് പുനരാരംഭിച്ചാൽ പോലും നിലവിലെ ഒഴിവുകൾ നികത്താൻ 6–7 വ‍ർഷം വേണ്ടി വരുമെന്നാണ് റിപ്പോ‍ർട്ട്.

Eng­lish Sum­ma­ry: Two lakh posts will be cut in the army
You may also like this video

Exit mobile version