Site iconSite icon Janayugom Online

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളും പിടിയില്‍

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രധാനപ്രതികളും പശ്ചിമബംഗാളില്‍നിന്ന് അറസ്റ്റിലായി. ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മത്തീന്‍ താഹ, കഫേയില്‍ ബോംബ് വച്ച് രക്ഷപ്പെട്ട മുസാഫിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരാണ് അറസ്റ്റിലായത്.

കൊല്‍ക്കത്തയിലെ ഇരുവരം ഒളിവില്‍ കഴിയുകയാണെന്ന് വിവരം ലഭിച്ച എന്‍ഐഎ സംഘം പശ്ചിമബംഗാള്‍ പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇവരെ ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. വ്യാജപേരുകളിലായിരുന്നു ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവരെക്കുറിച്ചുള്ള വിവരശേഖരണത്തിന് കേരള, കർണാടക പൊലീസും സജീവസഹായം നൽകിയതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇവർക്കായി നേരത്തേ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിവരങ്ങൾ നൽകുന്നതിന് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എൻഐഎയ്ക്ക് ലഭിച്ചത്. മാർച്ച് 1 നാണ് ബെംഗളുരുവിലെ ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ഉച്ച നേരത്ത് ബോംബ് സ്ഫോടനം നടന്നത്. അതേസമയം, കേന്ദ്ര ഏജൻസികളും ബംഗാള്‍ പൊലീസും സംയുക്തമായാണ് രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതികളെ പിടികൂടിയതെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു.

പൂര്‍വ മേദിനിപ്പൂരില്‍ വച്ചാണ് പ്രതികളെ പിടികൂടാനായത്. ബംഗാള്‍ പൊലീസിന്‍റെ പങ്ക് കേന്ദ്ര ഏജൻസികള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ബിജെപി വക്താവ് അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ബംഗാള്‍ പൊലീസ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.

ഇതിനിടെ സംഭവത്തില്‍ സുവേന്ദു അധികാരിക്കെതിരെ ഒളിയമ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികളെ പിടികൂടിയ പൂർവമേദിനപ്പൂരിലെ കാന്തി ഏത് ബിജെപി നേതാവിന്‍റെയും കുടുംബത്തിൻറെയും പ്രവർത്തനമേഖലയെന്ന് എല്ലാവർക്കും അറിയാമെന്ന് വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു.

Eng­lish Summary:
Two main accused in Rameswaram cafe blast case arrested

You may also like this video:

Exit mobile version