Site iconSite icon Janayugom Online

രണ്ടു മന്ത്രിമാര്‍ സ്ഥിരം ശല്യം ചെയ്യുന്നു : ഗുരുതര ആരോപണങ്ങളുമായി പുതുച്ചേരിയിലെ വനിത എംഎല്‍എ

പുതുച്ചേരിയിലെ രണ്ടു മന്ത്രിമാര്‍ സ്ഥിരം ലശ്യം ചെയ്യുന്നതായി ആരോപിച്ച് പുതുച്ചേരിയിലെ വനിത എംഎല്‍എയുടെ പരാതി. സ്പീക്കര്‍ക്കാണ് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും , പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്ക പരാതി നല്‍കിയിരിക്കുന്നത്. രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎല്‍എയായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും പരാതിയില്‍ പറയുന്നു. ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി. 

ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവര്‍ 2023 ഒക്ടോബറില്‍ രാജിവെച്ചു.

സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവര്‍ പറഞ്ഞത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്. ചന്ദ്ര പ്രിയങ്കയുടെ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരേ എത്രയുംപെട്ടെന്ന് നടപടിയെടുക്കണമെന്ന് പുതുച്ചേരി ഡിഎംകെ മഹിളാവിഭാഗം നേതാവ് ടി. ആര്‍. ഗായത്രി ശ്രീകാന്ത്, സിപിഐ എംഎല്‍ മഹിളാ വിഭാഗം പ്രവര്‍ത്തക ആര്‍. വിജയ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധയോഗവും നടത്തി.

Exit mobile version