എന്‍സിപി പിളര്‍പ്പിനെത്തുടര്‍ന്നുള്ള ശക്തിപരീക്ഷണത്തില്‍ ശരദ് പവാറിന് ആദ്യ നേട്ടം. ഏക്‌നാഥ് ഷിന്‍ഡെ- ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ ഉപ മുഖ്യമന്ത്രിയായി അജിത് പവാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ വിമത നീക്കം നടത്തിയ രണ്ട് എംഎല്‍എമാര്‍ ശരദ് പവാര്‍ പക്ഷത്തേയ്ക്ക് മടങ്ങി. നിരവധി നഗര ഘടകങ്ങളും പാര്‍ട്ടി അധ്യക്ഷന് പിന്നില്‍ അണിനിരന്നിട്ടുണ്ട്.
എന്‍സിപിയെ നെടുകെ പിളര്‍ത്തിയാണ് അജിത് പവാര്‍ കൂറുമാറിയത്. 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് രണ്ട് പേര്‍ മടങ്ങിയത്. സത്താറ എംഎല്‍എ മക്രാന്ത് പാട്ടീല്‍, നോര്‍ത്ത് കരാഡ് എംഎല്‍എ ബാലാസാഹേബ് പാട്ടീല്‍ എന്നിവരാണ് തിരിച്ചെത്തിയത്. ഷിരൂര്‍ എംപി അമോല്‍ കോല്‍ഹെയും ശരത് പവാര്‍ ക്യാമ്പിലേക്ക് മടങ്ങുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
എന്‍സിപിയുടെ പൂനെ, നാഗ്പൂര്‍ യൂണിറ്റുകള്‍ ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. മുംബൈക്ക് സമീപമുള്ള മന്ത്രാലയയില്‍ എന്‍സിപിയുടെ പുതിയ ഓഫിസ് അജിത് പവാര്‍ ഉദ്ഘാടനം ചെയ്തു.
അതേസമയം, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും ബിജെപിയുമായി സഖ്യമുണ്ടാക്കിയ മറ്റ് സേന എംഎൽഎമാർക്കും എതിരായ അയോഗ്യത ഹര്‍ജികൾ വേഗത്തിൽ തീർപ്പാക്കാൻ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന (യുബിടി) വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.
മന്ത്രിസഭ അഴിച്ചുപണി വൈകുന്നു; ഷിന്‍ഡെ പക്ഷം അതൃപ്തിയില്‍
മുംബൈ: മന്ത്രിസഭ അഴിച്ചുപണി വൈകുന്നതില്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന‑എൻസിപി സഖ്യത്തില്‍ നീരസമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം മൂന്ന് പാര്‍ട്ടികളെയും ഒരുപോലെ അസ്വസ്ഥരാക്കുന്നതായാണ് വിലയിരുത്തല്‍.
സീനിയര്‍-ജൂനിയര്‍ സമവാക്യം നിലനിര്‍ത്തികൊണ്ടുതന്നെ വിവിധ വിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കും വകുപ്പുകള്‍ വീതിച്ച് നല്‍കുക എന്നതാണ് സഖ്യം നേരിടുന്ന പ്രഥമ വെല്ലുവിളി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്നവിസ്, അജിത് പവാര്‍ എന്നിവര്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു.
288 അംഗ നിയമസഭയില്‍ 43 പേരെ മാത്രമെ മന്ത്രിയായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. നിലവില്‍ ശിവസേന, ബിജെപി എന്നിവയ്ക്ക് 10 വീതവും എൻസിപിക്ക് ഒമ്പതും ഉള്‍പ്പെടെ 29 മന്ത്രിമാരാണുള്ളത്. 14 സീറ്റുകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്.
കൊങ്കണ്‍. പടിഞ്ഞാറൻ മഹാരാഷ്ട്ര, വടക്കൻ മഹാരാഷ്ട്ര, മറാത്ത്‌വാഡ, വിദര്‍ഭ എന്നിവിടങ്ങളിലായി 36 ജില്ലകളാണ് മഹാരാഷ്ട്രക്കുള്ളത്. മൂന്ന് വശങ്ങളില്‍ നിന്ന് ഇതിനകം ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഇതിന് പുറമെ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന പാര്‍ട്ടി വിട്ട് പോയ 15 എംഎല്‍എമാരെ എത്രയും വേഗം അയോഗ്യരാക്കാൻ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതും ഷിൻഡെ സര്‍ക്കാരിന് തലയ്ക്ക് മുകളില്‍ തുങ്ങുന്ന വാളായി നിലനില്‍ക്കുന്നു. എൻസിപിയുടെ രംഗപ്രവേശനത്തോടെ തങ്ങളെ തഴയുമെന്ന ആശങ്ക ശിവസേന എംഎല്‍എമാര്‍ക്കിടയിലുണ്ട്. എൻസിപിയുടെ വരവ് ശിവസേനക്കനുവദിച്ച മന്ത്രി സ്ഥാനത്തിന്റെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടുമുണ്ട്. അതിനിടെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ഷിൻഡെയുമായും ഫട്നവിസുമായും ചര്‍ച്ചകള്‍ നടത്തിയതായും നാഗ്പൂരിലെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാൻ ഇരുവരും പോയിരിക്കുന്നതായും തിരിച്ചെത്തിയാലുടൻ ചര്‍ച്ച നടത്തി കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അജിത് പവാര്‍ പ്രതികരിച്ചു.
എന്നാല്‍ ഷിൻഡെയുടെ എംഎല്‍എമാര്‍ അസന്തുഷ്ടരാണെന്നും ബാലസാഹിബ് താക്കറെയും ഉദ്ധവ് താക്കറെയും ഉപേക്ഷിക്കാൻ കാരണമായ അതേ നിലയിലാണ് അവരുള്ളതെന്നും സഖ്യത്തിനുള്ളിലെ നീരസം കുടുമെന്നും എൻസിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.
ഇനി പന്ത് മഹാരാഷ്ട്ര ; സ്പീക്കറുടെ കൈകളില്‍
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഭാവി നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന്റെ കൈകളില്‍. ഏകനാഥ് ഷിന്‍ഡെ പക്ഷത്തേക്ക് കൂറുമാറിയ അജിത് പവാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന് ശരദ് പവാര്‍ അപേക്ഷ നല്‍കിയത് മുതല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി രാഹുല്‍ നര്‍വേകര്‍ മാറി.
എന്‍സിപി, ശിവസേന‑ബിജെപി സര്‍ക്കാരിന്റെ ഭാഗമാണോ അതോ ഇപ്പോഴും പ്രതിപക്ഷത്താണോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ലെന്നാണ് രാഹുല്‍ നര്‍വേക്കര്‍ ഇന്നലെ പ്രതികരിച്ചത്. എന്‍സിപിയുടെ യഥാര്‍ത്ഥ നേതാവ് ആരാണെന്ന കാര്യം കണ്ടെത്തേണ്ടതുണ്ട്. മറുപക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കാൻ ഇരുകൂട്ടരും കത്തു നൽകിയിട്ടുണ്ട്. പരിശോധിച്ച് ഉചിതമായ സമയത്തു തീരുമാനം എടുക്കുമെന്നും നര്‍വേക്കര്‍ പറഞ്ഞു.
ശിവസേനാ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം സുപ്രീം കോടതി സ്പീക്കർക്കു കൈമാറിയിട്ട് 50 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല. ബിജെപി-ശിവസേന സര്‍ക്കാരിന്റെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത നിമിഷത്തില്‍ തന്നെ ഒമ്പത് സാമാജികരും അയോഗ്യരായെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. ഇവര്‍ പാര്‍ട്ടി വിരുദ്ധനീക്കങ്ങളാണ് നടത്തിയത്. പാര്‍ട്ടിക്ക് മേല്‍ അവകാശവാദമുന്നയിക്കാനുള്ള വിമതരുടെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അനുയായികള്‍ ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അജിത് പവാര്‍. അജിത് പവാറിനെ മാറ്റി പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവാദിനെ നിയമിച്ചു. അവാദിനാണ് ചീഫ് വിപ്പ് സ്ഥാനം. ഈ മാസം 17 മുതല്‍ വര്‍ഷകാല നിയമസഭാ സമ്മേളനം ആരംഭിക്കും.
English Summary: Two MLAs returned to Sharad’s side
You may also like this video

