Site iconSite icon Janayugom Online

ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു; 9 കുട്ടികൾ വെന്റിലേറ്ററിൽ

ചുമ മരുന്ന് സിറപ്പ് കഴിച്ച് രണ്ട് മരണം കൂടി. മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ കൂടി മരിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് വൃക്ക തകരാറിലായി മരിച്ചത്. ഇതോടെ മധ്യപ്രദേശിൽ ചുമ മരുന്ന് മരണം 20 ആയി. 9 കുട്ടികളാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ചുമ മരുന്ന് സിറപ്പുകൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന തുടരുകയാണ്.

പഞ്ചാബിലും കോൾഡ്രിഫ് കഫ് സിറപ്പിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ കേരളത്തിലും കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്തിലെ റെഡ്നെക്സ് കമ്പനിയുടെ ‘റെസ്പി ഫ്രഷ് ‘ മരുന്നിന്റെ വിൽപ്പനയും വിലക്കി. രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികൾ മരിച്ചതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് രം​ഗത്തുവന്നു. ആരോഗ്യമന്ത്രിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അവഗണിക്കുകയാണുണ്ടായത്. ചെറിയ കുറ്റങ്ങൾക്ക് പോലും വീട് ഇടിച്ചു നിരത്തുന്നവർ ഈ കുറ്റത്തിന് ആരോഗ്യമന്ത്രിയുടെ വീട് ഇടിച്ച് നിരത്തണമെന്നാണ് ഉമാങ് സിംഗർ പറഞ്ഞത്.

Exit mobile version