Site icon Janayugom Online

ആല്‍ഫാ പാലിയേറ്റീവില്‍ രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി സ്ഥാപിച്ചു

എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററില്‍ പുതുതായി സ്ഥാപിച്ച രണ്ട് ഡയാലിസിസ് മെഷീനുകളുടെ ഉദ്ഘാടനം തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ നിര്‍വഹിച്ചു . ഡയാലിസിസ് മെഷീനുകള്‍ സ്‌പോണ്‍സര്‍മാരായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി. വി. റപ്പായി, ഷേര്‍ളി റപ്പായി, ദുബായ് കൊച്ചിന്‍ എംപയര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അശോക് പിള്ള, ചാര്‍ട്ടര്‍ പ്രസിഡന്റ് ഡേവിഡ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ജലശുദ്ധീകരണ പ്ലാന്റ് കൊച്ചിന്‍ എംപയര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ കൈമാറി.

പുതിയ രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി വന്നതോടെ ആല്‍ഫയിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 17 ആയി. പുതിയ മെഷീനുകള്‍ വന്നതോടെ 150‑ലേറെ ഡയാലിസിസുകള്‍ കൂടുതല്‍ ചെയ്യാനാവുമെന്ന് ആല്‍ഫാ പാലിയേറ്റീവ് ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു.. പുതിയ രണ്ടു മെഷീനുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രതിമാസം 1000 ല്‍പ്പരം ഡയാലിസിസ് നടത്തുന്ന കേന്ദ്രത്തില്‍ ഇനി മുതല്‍ മൂന്നു ഷിഫ്റ്റിിലായി പ്രതിമാസം 1300 ഡയാലിസിസ് നടത്താനാകും. എന്നാലും ആല്‍ഫയില്‍ മാത്രം 60-ഓളം രോഗികള്‍ ഡയാലിസിസിനുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ടെന്ന് നൂര്‍ദീന്‍ പറഞ്ഞു. ഇത് ഈ പ്രദേശത്തെ മാത്രം കാര്യമാണ്. കേരളത്തിലും രാജ്യത്തൊട്ടാകെയും ഡയാലിസിസിനുള്ള ആവശ്യം വന്‍തോതില്‍ വര്‍ധിക്കുകയാണ്. നിലവില്‍ 10 കോടിയ്ക്കടുത്താണ് ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം. 2050-ഓടെ ഇത് 31.9 കോടിയായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ പലര്‍ക്കും ഡയാലിസിസ് ആവശ്യം വരും. വലിയ വെല്ലുവിളിയാണ് ഇത് മുന്നോട്ടു വെയ്ക്കുന്നത്. ഇതിനെ നിസ്സാരമായി കാണരുതെന്നും രാജ്യമെമ്പാടും കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനായി കൂടുതല്‍ ഉദാരമതികള്‍ മുന്നോട്ടുവരണമെന്നും നൂര്‍ദീന്‍ പറഞ്ഞു.

തുടര്‍ന്ന് ആല്‍ഫ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ കെ. എം. നൂര്‍ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമര്‍പ്പണ സമ്മേളനവും ടി. എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത മുഖ്യാതിഥിയായി.. ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ സ്‌പോണ്‍സര്‍മാരെ സദസ്സിനു പരിചയപ്പെടുത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം മണി ഉണ്ണികൃഷ്ണന്‍, നാവിയോ ഷിപ്പിംഗ് ഡയറക്ടര്‍മാരായ സുനില്‍ കെ. ബാലന്‍, സുനില്‍ മീരാസ, ആല്‍ഫ ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് കെ. എ. കദീജാബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, ഹോസ്പീസ്, ലിങ്ക് സെന്റര്‍ ഭാരവാഹികള്‍, സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്റര്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ് സ്വാഗതവും സെക്രട്ടറി പി.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; Two more dial­y­sis machines were installed at Alpha Palliative

You may also like this video;

Exit mobile version