നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ കൊച്ചിന്‍ ഷിപ് യാർഡ് നീറ്റിലിറക്കി. ദക്ഷിണ നാവികസേന ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്, എ വി എസ് എം — എന്‍ എം എന്നിവർ വിജയ, ശ്രീനിവാസ് കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. കൊച്ചിന്‍ ഷിപ് യാർഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, കൊച്ചിന്‍ ഷിപ് യാർഡ് ഡയറക്ടര്‍മാര്‍, ഇന്ത്യന്‍ നേവിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ലാസിഫിക്കേഷന്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന എട്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകളാണ് കൊച്ചിന്‍ ഷിപ് യാർഡ് നിര്‍മിച്ചു നല്‍കുന്നതെന്ന് മധു എസ് നായര്‍ അറിയിച്ചു. ഈ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ ആഗോളതലത്തില്‍ കൊച്ചി കപ്പല്‍ നിര്‍മാണശാലയുടെ പ്രവൃത്തികള്‍ക്ക് മുന്നേറ്റമുണ്ടാക്കാനാകും. യൂറോപ്പിലുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് കപ്പല്‍ നിര്‍മാണ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദേഹം അറിയിച്ചു.ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിനു നിര്‍ണായക പങ്കുണ്ടെന്നു ദക്ഷിണ നാവികസേന ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് പറഞ്ഞു.
അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സോണാര്‍ സംവിധാനം ഉള്‍പ്പടെയുള്ള കപ്പലുകളാണ് നാവിക സേനയ്ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിച്ചു നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍ എന്നിങ്ങനെ മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കിയിരുന്നു. 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകള്‍ക്ക് പരമാവധി 25 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
ശത്രു സാന്നിധ്യം തിരിച്ചറിയാന്‍ നൂതന റഡാര്‍ സിഗ്‌നലിങ് സംവിധാനമുള്ള സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ പൂര്‍ണമായും തദ്ദേശീയമായാണ് നിര്‍മിച്ചിട്ടുള്ളത്. രണ്ട് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നീറ്റിലിറക്കുന്നതോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള എട്ട് കപ്പലുകളില്‍ അഞ്ചെണ്ണം കൊച്ചിന്‍ ഷിപ്യാര്‍ഡ് പൂര്‍ത്തികരിക്കും. നേവിക്കു കൈമാറുന്നത്തോടെ കപ്പലുകള്‍ക്ക് ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി എന്നിങ്ങനെ പേരുകള്‍ നല്‍കും.